'ജയറാമിനെ കാണുമ്പോള്‍ കൃഷ്ണനെ ഓര്‍മ്മ വരും', ഷീലയുടെ കമന്റ്; എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് താരം

തന്നെ കുറിച്ച് നടി ഷീല പറഞ്ഞ കമന്റിന് മറുപടിയുമായി ജയറാം. ഷീലാമ്മ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് തനിക്ക് അറിയില്ലെന്ന് ജയറാം പറയുന്നു. ജയറാമിനെ കാണുമ്പോള്‍ കൃഷ്ണനെ ഓര്‍മ്മ വരും എന്ന ഷീലയുടെ കമന്റിനോടാണ് ജയറാം പ്രതികരിച്ചത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഷീലാമ്മ എന്താണ് അങ്ങനെ പറയുന്നതെന്ന് തനിക്കറിയില്ല. അങ്ങനെ പറയുന്നത് നല്ല കാര്യമല്ലേ. ഒരു കാലഘട്ടത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ ഇരുന്ന ഒരാള്‍ തന്നെ പരാമര്‍ശിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമാണെന്നും ജയറാം പറഞ്ഞു. സത്യന്‍ അന്തിക്കാട് ചിത്രം മനസിനക്കരെയില്‍ ജയറാമും ഷീലയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

തനിക്ക് ഒത്തിരി ഇഷ്ടമുള്ള നടിയാണ് ഷീലയെന്നും ജയറാം പറയുന്നു. സത്യന്‍ മാസ്റ്റര്‍ക്കും നസീര്‍ സാറിനുമൊപ്പം ഷീലാമ്മ എത്ര വര്‍ഷമാണ് ഹിറ്റ് നായികയായി തകര്‍ത്തത്. അവരുടെ ഓരോ ചലനങ്ങളും ഡയലോഗുകളും തനിക്കിഷ്ടമാണ്. എന്നാല്‍ ഷീലയടക്കമുള്ള ചില താരങ്ങളെ മോശമായി അനുകരിക്കുന്നതിനെതിരെ ജയറാം വിമര്‍ശനം ഉന്നയിച്ചു.

പുതുതലമുറയിലെ ചിലര്‍ ഷീലയേയും സത്യന്‍ മാസ്റ്ററേയുമെല്ലാം അനുകരിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും ഇത്രയും ഓവറായി ചെയ്യണ്ട കാര്യമുണ്ടോ. ഇവരൊന്നും പഴയ സിനിമകള്‍ കണ്ടിട്ടില്ല. ഷീലാമ്മ ആരാണെന്ന് പോലും അവര്‍ക്കറിയില്ല. ആരൊക്കെയോ കാണിക്കുന്നത് അവരും കാണിക്കുന്നു എന്നും ജയറാം പറഞ്ഞു.