തല മൊട്ടയടിക്കാന്‍ പ്രധാന കാരണം മണിരത്‌നം, പൊന്നിയിന്‍ സെല്‍വന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രമാകും: ജയറാം

മണിരത്‌നം ഒരുക്കുന്ന “പൊന്നിയിന്‍ സെല്‍വന്‍” ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയാകുമെന്ന് ജയറാം. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്നും ജയറാം വ്യക്തമാക്കി.

“”ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക.”” എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതില്‍ ആശങ്കയുണ്ടെന്നും നടന്‍ പറയുന്നു.

“”എന്റെ തല മൊട്ടയടിക്കാന്‍ പ്രധാന കാരണം ഞാന്‍ മണിരത്നത്തിനൊപ്പം ഒരു സിനിമ ചെയ്യുന്നു എന്നതായിരുന്നു. അശ്വര്‍കാഡിയന്‍ നമ്പി എന്ന പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ഞാന്‍ അവതരിപ്പിക്കുന്നത്”” എന്നും ജയറാം പറഞ്ഞു. ജയറാം ആദ്യമായി സംസ്‌കൃത ഭാഷയില്‍ അഭിനയിക്കുന്ന “നമോ” ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായി, തൃഷ, അദിതി റാവു ഹൈദരി, ശോഭിത ധുലിപാല, ജയറാം, പ്രഭു, ശരത്കുമാർ, ലാൽ റഹ്മാൻ തുടങ്ങി വലിയ താരനിര  അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തി രചിച്ച ചരിത്ര നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ. ചോള സാമ്രാജ്യത്തിലെ ഏറ്റവും കരുത്തനായ ചക്രവർത്തി രാജരാജ ചോളന്റെ ചരിത്രം അടിസ്ഥാനമാക്കി രചിച്ച കൃതിയാണ് പൊന്നിയിൻ സെൽവൻ.