ഞാന്‍ അയച്ചു കൊടുത്ത ചിത്രം കണ്ട് ചെക്കനൊന്നു ഞെട്ടി: ജയറാം

ജയറാമിന്റെ പുതിയ മേക്ക്ഓവര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാലോകം. കൂടുതല്‍ മെലിഞ്ഞ് മസില്‍മാന്‍ ലുക്കില്‍ ചുള്ളനായുള്ള പുതിയ ഫോട്ടോ ജയറാം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത് നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്രായം കുറവു തോന്നിക്കുന്നുവെന്നും കൂടുതല്‍ സുന്ദരനായല്ലോയെന്നുമൊക്കെയാണ് ജയറാമിനെ കണ്ട് ആരാധകര്‍ പറഞ്ഞത്. എന്തിന് മമ്മൂട്ടി വരെ ജയറാമിന്റെ മേക്ക്ഓവറിനെ പ്രശംസിച്ചു. ഇപ്പോഴിതാ തന്റെ ചിത്രം കണ്ടിട്ട് മകനും നടനുമായ കാളിദാസന്റെ പ്രതികരണത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ജയറാം.

‘ഞാന്‍ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഡയറ്റിംഗും വ്യായാമവും തുടങ്ങുന്ന സമയത്ത് കാളിദാസ് സ്ഥലത്തില്ലായിരുന്നു. ഞാനിങ്ങനെ ചില പരിപാടികള്‍ ചെയ്യുന്നുണ്ടെന്ന് അറിയാമെങ്കിലും എന്താണു റിസല്‍റ്റുണ്ടായതെന്ന് കക്ഷി അറിഞ്ഞില്ല. ഒരു 40 ദിവസം കഴിഞ്ഞപ്പോള്‍ എന്റെ ഒരു ഫോട്ടോ കാളിദാസിന് അയച്ചു കൊടുത്തു. ചെക്കനൊന്നു ഞെട്ടി. ‘ഹാറ്റ്‌സ് ഓഫ് അപ്പ…’ എന്നായിരുന്നു മറുപടി.’ മനോരമയുമായുള്ള അഭിമുഖത്തില്‍ ജയറാം പറഞ്ഞു.

50 ദിവസം കൊണ്ട് ജയറാം കുറച്ചതു 14 കിലോഗ്രാ തൂക്കമാണ്. തെലുങ്ക് താരം അല്ലു അര്‍ജുന്റെ നായകനാകുന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാമിന്റെ പുതിയ മേക്ക്ഓവര്‍. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന എ എ 19 എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലാണ് ജയറാം അഭിനയിക്കന്നത്. താരത്തിന്റെ അച്ഛനായാണ് ജയറാം വേഷമിടുന്നതെന്നാണ് സൂചനകള്‍.