ഉത്സവപറമ്പുകളിലൊക്കെ നടന്ന് എന്റെ മിമിക്രി ഒന്ന് വെയ്ക്കുമോ എന്ന് അങ്ങോട്ട് ചോദിക്കുമായിരുന്നു, പിന്തുണയ്ക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നതു കൊണ്ട് കഴിവുകളൊക്കെ വളര്‍ത്തിയെടുക്കാന്‍ പറ്റി: ജയറാം

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലെത്തി മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജയറാം. ഇപ്പോഴിതാ മിമിക്രിയുമായി നടന്ന കാലത്ത് തന്നെ പിന്തുണയ്ക്കാന്‍ ഒരു അമ്മ ഉണ്ടായിരുന്നത് കൊണ്ടാണ് താന്‍ ഈ വിധത്തില്‍ പുരോഗമിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ പരാമര്‍ശം.

മിമിക്രി ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ അംഗീകരിക്കാനും അഭിനന്ദിക്കാനും തന്റെ വീട്ടുകാര്‍ തയ്യാറായതാണ് താന്‍ ഇന്ന് ഈ രംഗത്തെത്താന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മിമിക്രിയെന്ന കലയാണ് എന്നെ സിനിമയിലേക്ക് എത്തിച്ചത്.. കുട്ടിക്കാലത്തെ എന്റെ മിമിക്രിയാണ് എന്നെ കോളജ് ലെവലില്‍ എത്തിച്ച് അവിടുന്ന് ഇന്റര്‍ കോളിജിയേറ്റ് മത്സരങ്ങളില്‍ ഒക്കെ പങ്കെടുക്കാന്‍ സഹായിച്ചത്.

അന്ന് മിമിക്രിയ്ക്ക് പോകരുതെന്ന് വീട്ടില്‍ നിന്ന് പറഞ്ഞിരുന്നുവെങ്കില്‍ ഇതുപോലെ ഒന്നുമാകില്ലായിരുന്നു. എന്റെ അമ്മയൊക്കെ വളരെ സപ്പോര്‍ട്ടീവ് ആയിരുന്നു. അദ്ദേഹം പറഞ്ഞു.
അന്നൊക്കെ ഉത്സവപറമ്പുകളിലൊക്കെ നടന്ന് എന്റെ മിമിക്രി ഒന്ന് വെയ്ക്കുമോ എന്ന് അങ്ങോട്ട് ചോദിച്ച് നടക്കുന്ന കാലമായിരുന്നു.

അങ്ങനെ പോയി ചെയ്തിട്ട് രാത്രി മൂന്ന് മണിക്കൊക്കെ വീട്ടില്‍ വന്ന് കയറുമ്പോള്‍ വാതില്‍ തുറന്നു തരാനും പ്രോഗ്രാം നന്നായിരുന്നോ എന്നൊക്കെ ചോദിക്കാന്‍ ഒരമ്മയെനിക്ക് ഉണ്ടായിരുന്നതുകൊണ്ട് എന്റെ കഴിവുകളൊക്കെ വളര്‍ത്തിയെടുക്കാന്‍ പറ്റി,” ജയറാം പറയുന്നു.