‘കുറേക്കാലത്തിന് ശേഷമാണ് ഇത്ര നല്ല റിവ്യൂ കിട്ടുന്നത്’; മാര്‍ക്കോണി മത്തായിയുടെ വിജയ സന്തോഷത്തില്‍ ജയറാം

സനില്‍ കളത്തിലിന്റെ സംവിധാനത്തില്‍ തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മുഴുനീള വേഷത്തിലെത്തുന്ന ജയറാം ചിത്രം മാര്‍ക്കോണി മത്തായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വിജയ് സേതുപതിയുടെ സാന്നിദ്ധ്യം തന്നെ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ജയറാം പ്രതികരിച്ചു.

‘പടത്തെ പറ്റി മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചു വരുന്നത്. 100 ശതമാനം ഹാപ്പിയായാണ് പലരും വിളിക്കുന്നത്. അവരുടെയൊക്കെ സന്തോഷവും അഭിന്ദനവും കാണുമ്പോല്‍ ഞാനും ഒരുപാട് സന്തോഷിക്കുന്നു. എന്റെ എല്ലാ ചിത്രവും കണ്ട് അഭിപ്രായമറിയിച്ച് വിളിക്കുന്നവരാണിവര്‍. കുറേ കാലത്തിന് ശേഷമാണ് ഇത്ര നല്ല റിവ്യൂസ് കിട്ടുന്നത്. ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നൊരു മുഖം ചിത്രത്തിന് ലഭിച്ചതില്‍ സന്തോഷം. വിജയ് സേതുപതിയെ പോലെ പ്രഗത്ഭനായ ഒരു നടന്റെ കൂടെ അഭിനയിക്കാനായത് സന്തോഷമുള്ള കാര്യമാണ്. സിനിമയില്‍ അദ്ദേഹത്തിന്റെ പ്രസന്‍സും എടുത്തു പറയേണ്ടതാണ്’. ജയറാം പറഞ്ഞു.

ആത്മീയയാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ജോയ് മാത്യു, സുധീര്‍ കരമന, മാമുക്കോയ, അനീഷ്,കലാഭവന്‍ പ്രജോദ്, ഇടവേള ബാബു, മല്ലിക സുകുമാരന്‍, ശശി കലിംഗ, ടിനി ടോം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനില്‍ പനച്ചൂരാന്‍, ബി.കെ ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ സംഗീതം പകരുന്നു.