അന്നേ ഞങ്ങളുടെ മനസ്സില്‍ ഈ സിനിമ ഉണ്ടായിരുന്നു; സൈലന്‍സറിനെ കുറിച്ച് ഇര്‍ഷാദ്

ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന സൈലന്‍സര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. ഈനാശുവിന്റെ മകനായ സണ്ണി എന്ന കഥാപാത്രമായി എത്തുന്നത് ഇര്‍ഷാദാണ്.

സൈലന്‍സറില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പറയുന്നതിങ്ങനെ- വൈശാഖന്‍ മാഷുടെ ഈ കഥ മാതൃഭൂമിയില്‍ വന്നപ്പോള്‍ തന്നെ പ്രിയന്‍ എന്നോട് വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അന്നേ ഞങ്ങളുടെ മനസില്‍ ഈ സിനിമ ഉണ്ടായിരുന്നു. പിന്നെ പല കാരണങ്ങളാല്‍ വൈകി എങ്കിലും. ഇപ്പോള്‍ അത് സംഭവിച്ചു. പ്രിവ്യൂ സമയത്ത് വൈശാഖന്‍ മാഷ് ഈ സിനിമ കാണുകയുണ്ടായി. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. എന്നു പറയുമ്പോള്‍ നമ്മള്‍ ഈ കഥയോട് അല്ലെങ്കില്‍ ഈ കഥാപാത്രത്തോട് എത്രമാത്രം നീതി പുലര്‍ത്തി എന്നതിനുള്ള ഉത്തരം കൂടിയാണ് അത്.

Read more

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ “സൈലന്‍സര്‍” എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സറിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സൈലന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 24-ന് ചിത്രം റിലീസിനെത്തും.