'ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചവരുണ്ട്'

സാഹിത്യകാരന്‍ വൈശാഖന്റെ “”സൈലന്‍സര്‍”” എന്ന ചെറുകഥയെ ആധാരമാക്കി നിര്‍മ്മിച്ച പ്രിയനന്ദന്‍ ചിത്രം സൈലന്‍സര്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ഇര്‍ഷാദും അഭിനയിക്കുന്നുണ്ട്. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള കഥാപാത്രമാണ് സൈലന്‍സറിലെ സണ്ണിയെന്ന് ഇര്‍ഷാദ് പറയുന്നു.

“പലരും നല്ല അഭിപ്രായം പറഞ്ഞു. ഇയാള്‍ക്ക് വില്ലന്‍ വേഷങ്ങള്‍ കൊടുക്കുന്നത് നിര്‍ത്തിക്കൂടേ എന്ന് ചോദിച്ചവരുമുണ്ട്. ഈയടുത്ത കാലത്ത് ലഭിച്ച മികച്ച വേഷങ്ങളിലൊന്നാണ് സണ്ണി. വളരെ അറിഞ്ഞ് ചെയ്യാന്‍ പറ്റി. ഞാന്‍ തൃശ്ശൂര്‍ക്കാരനായതില്‍ ഇതുപോലുള്ള ഒരുപാട് സണ്ണിമാരെ അറിയാം. അത് അഭിനയത്തില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. പ്രിയനന്ദനുമായി നാടകത്തിലഭിനയിക്കുന്ന കാലംമുതല്‍ അടുപ്പമുണ്ട്. പ്രിയനന്ദന്റെ രണ്ട് സിനിമകളിലേ അഭിനയിക്കാതിരുന്നുള്ളൂ. ഏത് സമയത്തും ചേര്‍ത്തുപിടിക്കാവുന്ന സുഹൃത്താണ് പ്രിയനന്ദന്‍.” ഇര്‍ഷാദ് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

വാര്‍ദ്ധക്യത്താല്‍ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടു പൊരുതി മുന്നേറുന്ന ഈനാശുവിന്റെ ജീവിതമാണ് സൈലന്‍സറിന്റെ ഇതിവൃത്തം. ലാലാണ് ഈനാശുവിന്റ കഥാപാത്രം അവതരിപ്പിക്കുന്നത്. പ്രിയനന്ദനന്റെ “”പാതിരാക്കാല””ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മ്മാണം.