റോണക്‌സ് സേവ്യര്‍ അഭിമുഖം: മലയാളത്തിലെ മെയ്ക്കഅപ്പ് പരീക്ഷണങ്ങള്‍ സിനിമക്കാര്‍ പോലും അറിയാതെ പോകുന്നു

അനിരുദ്ധ്/റോണകസ് സേവ്യര്‍

മലയാളത്തില്‍ പലതരം മേയ്ക്കപ്പ് പരീക്ഷണങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് കാണിച്ചുതന്ന വര്‍ഷമാണ് 2017. സ്‌പെഷ്യല്‍ എഫക്ടുകള്‍ക്ക് മറുനാടുകളെ ആശ്രയിക്കുന്ന കാലത്തെയും തള്ളിപ്പറയുകയാണ് സിനിമ. കാര്‍ബണ്‍, മായാനദി, ആട്, ആട് 2, പ്രേമം, ഈ.മ.യൗ, മഹേഷിന്റെ പ്രതികാരം, അങ്കമാലി ഡയറീസ്, ഓം ശാന്തി ഓശാന, ലോര്‍ഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി, വര്‍ണ്യത്തില്‍ ആശങ്ക, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഞണ്ടുകളുടെ നാട്ടിലൊരിടവേള, റോള്‍ മോഡല്‍സ്, ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി ഹിറ്റ്ചിത്രങ്ങളുടെ മെയ്ക്കപ്പ് മാന്‍ റോണക്‌സ് സേവ്യര്‍ സംസാരിക്കുന്നു..

*2017ല്‍ മറ്റാരെക്കാളും സിനിമകള്‍

അതെ. 2017ല്‍ 12 സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ആ വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമയും എനിക്ക് ചെയ്യാന്‍ സാധിച്ചു. ഞണ്ടുകളുടെ നാട്ടിലൊരിടവേള, അങ്കമാലി ഡയറീസ്, വര്‍ണ്യത്തില്‍ ആശങ്ക, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, തൃശ്ശിവപേരൂര്‍ ക്ലിപ്തം, റോള്‍ മോഡല്‍സ്, അലമാര, ലവകുശ, ഉത്തരം പറയാതെ, ഗ്രേറ്റ് ഫാദര്‍, മായാനദി, ആട് 2 തുടങ്ങിയവയാണ്. എല്ലാം തിയേറ്ററിലും അല്ലാതെയും മികച്ച പ്രതികരണം നേടിയ ചിത്രങ്ങളായിരുന്നു. അതിലുപരി പലതിലും സ്‌പെഷ്യല്‍ എഫക്ട്‌സുള്‍പ്പെടെയുള്ള നൂതനആശയങ്ങള്‍ ഇവിടെത്തന്നെ ചെയ്യാനും സാധിച്ചിട്ടുണ്ട്.

*പ്രോസ്‌തെറ്റിക് വര്‍ക്കുകള്‍ മലയാളസിനിമയില്‍ അധികം ചെയ്ത് കണ്ടിട്ടില്ല. അതിലേക്ക്?

മലയാളസിനിമയില്‍ ചെയ്തിട്ടില്ല എന്ന് പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല. കൂടുതലും പുറമേ നിന്നുള്ള ആര്‍ട്ടിസ്റ്റുകളാണ് മലയാളത്തില്‍ അത് ചെയ്യാറുള്ളത്. പക്ഷേ ഞങ്ങള്‍ക്ക് അതിന്റെ മോള്‍ഡ് വര്‍ക്കും കാസ്റ്റിംഗും മെറ്റീരിയല്‍ വര്‍ക്കും മുഴുവനായിട്ട് ഇവിടെ തന്നെ ചെയ്യാന്‍ സാധിക്കുന്നുണ്ട്.

“ഞണ്ടുകളുടെ നാട്ടിലൊരിടവേള” എന്ന ചിത്രത്തിലെ ശാന്തികൃഷ്ണയുടെ സ്‌പെഷ്യല്‍ എഫക്ട് ക്യാന്‍സര്‍ ചികിത്സാബന്ധമായി തലമൊട്ട ചെയ്തതിനൊക്കെ വളരെ നല്ല രീതിയില്‍ അഭിപ്രായവും വന്നതായിരുന്നു. എന്നാല്‍ തന്നെ അത് ഇവിടുത്തെ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ചെയ്തതാണെന്ന് സിനിമാപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ല. മെറ്റീരിയല്‍ മാത്രം പുറത്തുനിന്ന് വരുത്തിക്കേണ്ട ആവശ്യമേയുള്ളൂ.

മറ്റൊന്ന് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി, അതില്‍ 25ഓളം ആര്‍ട്ടിസ്റ്റുകള്‍ക്ക് ഈ പറഞ്ഞ പ്രൊസതെറ്റിക് വര്‍ക്കുകള്‍ മാത്രം ചെയ്തിട്ടുണ്ട്. ഒരു ദിവസം തന്നെ പല മേക്ക് ഓവര്‍-ഗെറ്റ് അപ്പുകളുമായിരുന്നു. അതും പുറത്തുനിന്നു യാതൊരുവിധ ആര്‍ട്ടിസ്റ്റുകളുമില്ലാതെ തന്നെയാണ് ചെയ്തത്. അതും പലര്‍ക്കും അറിയാത്ത ഒരു കാര്യം തന്നെയാണ്.

അതുപോലെ ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദിന്റെ കൈയിലെ ആര് കൊള്ളുന്ന രംഗം, പിന്‍ വെച്ച് അപര്‍ണ എടുക്കുന്ന രംഗം. അത് കൈയുടെ കാസ്റ്റിംഗ് ചെയ്തിട്ട് ഡീറ്റിയെല്‍സ് വെച്ച് പീസ് വര്‍ക്ക് നമ്മള്‍ ചെയ്‌തെടുത്തതാണ്. “പോത്തേട്ടന്‍ ബ്രില്ല്യന്‍സി”നിടയില്‍ അതു പ്രശംസിച്ചു ഒട്ടേറേ പോസ്റ്റുകള്‍ പിന്നീട് കാണാനിടയായി. “ഉത്തരം പറയാതെ” എന്ന ചിത്രത്തില്‍ നായകന്റെ മൂന്ന് ഗെറ്റപ്പുകളിലും സ്‌പെഷ്യല്‍ ഉപയോഗിച്ചിരുന്നു.

തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ ജയരാജ് വാര്യരുടെ മൂക്ക് ചെയ്തിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രൊസസിംഗ് വര്‍ക്കിലൂടെ നീണ്ട മൂക്കാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പണ്ട് നമ്മള്‍ പുറത്തേക്ക് നോക്കി നിന്നിടത്ത് നിന്ന് നമ്മുടെ ഇന്‍ഡസ്ട്രിക്ക് മാറാന്‍ സാധിച്ചിട്ടുണ്ട് എന്ന തെളിവ് തന്നെയാണ് ഇതൊക്ക. ഡബിള്‍ ബാരലിലെ ആര്‍ട്ടിസ്റ്റുകളുടെ ഗെറ്റപ്പുകളും ചെയ്തതില്‍ സന്തോഷം നല്‍കുന്നതാണ്.

*സിനിമയിലേക്ക്..

എന്റെ പെങ്ങളുടെ ഭര്‍ത്താവ് ജോസഫ് സെബാസ്റ്റ്യന്‍ (രാജു) മെയ്ക്ക്് അപ്പ് ആര്‍ട്ടിസ്റ്റാണ്. അപ്പോള്‍ ആ ബന്ധത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. അതിനുശേഷം രഞ്ജിത് അമ്പാടിയുടെ അസിസ്റ്റന്റായിരുന്നു. 5 വര്‍ഷത്തോളം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു.

*ആദ്യസ്വതന്ത്ര സിനിമയിലേക്ക്…

ജവാന്‍ ഓഫ് വെള്ളിമലയാണ് ആദ്യ ചിത്രം. മമ്മൂക്കയുടെ പിന്തുണ തന്നെയാണ് അതിനുകാരണമായത്.

*മമ്മൂക്കയോടുള്ള അടുപ്പം..

മമ്മൂക്ക എന്ന വ്യക്തി തന്നെയാണ് ഞാന്‍ ഈ നിലയില്‍ എത്താനുള്ളതിന്റെ പ്രധാനകാരണം. ഇന്‍ഡിപെന്റന്‍ഡ് ആയി ആദ്യമായി സിനിമ ചെയ്യാന്‍ പ്രേരിപ്പിച്ചതും സഹായിച്ചതും മമ്മൂക്കയാണ്. അങ്ങനെയാണ് ജവാന്‍ ഓഫ് വെള്ളിമലയിലെത്തിയത്. ആദ്യ സിനിമ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളതും മമ്മൂക്കയോടൊപ്പമാണ്. ഇനി വരാനിരിക്കുന്ന അബ്രഹാമിന്റെ സന്തതികള്‍ ഉള്‍പ്പെടെ മമ്മൂക്കയോടൊപ്പം തന്നെയാണ്. ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന മമ്മൂക്ക-ശ്യാംദത്ത് ചിത്രം സ്ട്രീറ്റ്‌ലൈറ്റ്‌സ്, കസബ, ഗാങ്സ്റ്റര്‍, ഗ്രേറ്റ് ഫാദര്‍, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മമ്മൂക്കയോടെപ്പം തന്നെയാണ്.

*2018ലേക്ക് വരുമ്പോള്‍..

ഇപ്പോള്‍ ജനുവരിയില്‍ തന്നെ റിലീസായ സ്ട്രീറ്റ്‌ലൈറ്റ്‌സ്, ക്വീന്‍, കാര്‍ബണ്‍. കാര്‍ബണില്‍ കുട്ടേട്ടന്റെ (വിജയരാഘവന്‍) എം.ഡി എന്ന കഥാപാത്രം കഷണ്ടിയൊക്കെയുള്ള ഗെറ്റപ്പിലാണ് ചെയ്തത്. ഫഹദിന്റെ ഒരുപാട് സ്‌പെഷ്യല്‍ മാര്‍ക്കറുള്ള വര്‍ക്കുകള്‍. ക്വീനിലായാലും പുതുമുഖങ്ങളോടെപ്പമാണ് വര്‍ക്ക് ചെയ്തത്, അതിലേക്ക് ഡിജോ സംവിധായകനാണ് ക്ഷണിച്ചത്.

*ഇനി റിലീസിന്..

റിലീസിനൊരുങ്ങുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, ലിജോയുടെ അസിസ്റ്റന്റായിരുന്ന ടിനു ചെയ്യുന്ന ആന്റണി വര്‍ഗ്ഗീസ് ചിത്രം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ആസിഫിന്റെ മന്ദാകിനി, ഫഹദ്-അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ്, ശങ്കര്‍ രാമകൃഷ്ണന്റെ 18-ാം പടി. തമിഴില്‍ ഒരു വിജയ് സേതുപതി ചിത്രം, അദ്ദേഹം പെണ്‍വേഷത്തിലെത്തുന്ന ചിത്രം. അതിലെ ഒരു പ്രധാന ലുക്കാണ് ചെയ്തത്. ആ ലുക്ക് ഇപ്പോള്‍ പുറത്ത് വന്നിട്ടില്ല.

*ചെയ്യാന്‍ ആഗ്രഹമുള്ള ഒരു പ്രൊജക്ടിനെപ്പറ്റി പറയുകയാണെങ്കില്‍

നല്ല പ്രൊജക്ടുകളുടെ, അതിനൊപ്പം സ്‌പെഷ്യല്‍ എഫക്ടുകളുടെയും പ്രൊസ്‌തെറ്റികുകളുടെയും വര്‍ക്കുകളുണ്ടേല്‍ അതിന്റെ ഭാഗമാവുക എന്നേയുള്ളു. ചാലഞ്ചിങ് ആയി ചെയ്യാന്‍ തന്നെയാണ് താത്പര്യം.