'എന്തൊക്കെയോ എവിടെയോ വല്ലാതെ സ്പര്‍ശിച്ച് പോകുന്ന ഒരു ചിത്രം': 'മനോഹര'ത്തെ കുറിച്ച് ഇന്ദ്രന്‍സ്

പേര് പോലെ തന്നെ മനോഹരമായ ഒരു ചിത്രമാണ് “മനോഹരം” എന്ന് നടന്‍ ഇന്ദ്രന്‍സ്. നാട്ടിന്‍പുറവും ഉത്സവങ്ങളും കോര്‍ത്തിണക്കി ഒരു പച്ചയായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന മനോഹരത്തില്‍ ഒരു കേന്ദ്ര കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.

“”എന്തൊക്കെയോ എവിടെയോ വല്ലാതെ സ്പര്‍ശിച്ച് പോകുന്ന ഒരു ചിത്രമാണ് മനോഹരം. വിനീതിന്റെ കൂടെ കുറേ സീനുകളില്‍ അഭിനയിച്ചു അത് ഒരു പ്രത്യേക അനുഭവമായി തോന്നി. വിനീത്, ബോസില്‍ എന്നിവരോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളില്‍ ജീവിച്ച് പോയതു പോലെ തോന്നി”” എന്നാണ് ഇന്ദ്രന്‍സ് വ്യക്തമാക്കുന്നത്. കഥ നടക്കുന്ന പാലക്കാടു ജില്ലയിലെ ചിറ്റിലഞ്ചേരി ടൗണില്‍ ബേക്കറി നടത്തുന്ന വര്‍ഗീസ് ചേട്ടന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.

അപര്‍ണ ദാസാണ് നായികയായെത്തുന്നത്. അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ദീപക് പറമ്പോല്‍, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്റണി ജോസഫ്, ബേസില്‍ ജോസഫ് പ്രധാന വേഷങ്ങളിലെത്തുന്നു. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കല്‍ സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സെപ്റ്റംബര്‍ 20ന് ചിത്രം തീയേറ്ററുകളിലേക്കെത്തും.