പറയാത്ത കാര്യങ്ങളാണത്, ആവശ്യമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുത്; തുറന്നടിച്ച് ഇളയരാജ

പ്രസാദ് സ്റ്റുഡിയോയിലെ തന്റെ മുറി ഇളയരാജ ഒഴിഞ്ഞു കൊടുത്തത് വലിയ വാർത്തയായിരുന്നു.  അവിടെ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങളും മറ്റ് വസ്തുക്കളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഈ സ്റ്റുഡിയോയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന വാര്‍ത്തകൾ  പുറത്തു വന്നിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഇളയരാജ. താന്‍ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് പ്രചരിക്കുന്നത് വ്യാജമാണെന്നും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും ഇളയരാജ പറഞ്ഞു.

താന്‍ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നതെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു .

30 വര്‍ഷത്തോളമായി പ്രസാദ്  സ്റ്റുഡിയോയിലെ മുറിയിലാണ് ഇളയരാജ റെക്കോഡിംഗ് നടത്തിയിരുന്നത്.