കുളിമുറിയില്‍ ഇരുന്നാണ് ഡബ്ബ് ചെയ്തത്; ചിമ്പു കാരണം ഞാനനുഭവിച്ച യാതനകള്‍ ഇനിയൊരു നിര്‍മാതാവിനും ഉണ്ടാവരുത് - നിര്‍മാതാവ് മൈക്കിള്‍ രായവന്‍

ചിമ്പുവിനെ നായകനായി എത്തിയ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമ ബോക്‌സ്ഓഫീസില്‍ വന്‍ പരാജയമാകാന്‍ കാരണം ചിമ്പുവിന്റെ അഹങ്കാരമായിരുന്നെന്ന് സിനിമയുടെ നിര്‍മാതാവ് മൈക്കിള്‍ രായവന്‍. സംവിധായകനെയും സഹപ്രവര്‍ത്തകര്‍ത്തകരെയും ബുദ്ധിമുട്ടിക്കുകയും ബോധപൂര്‍വം ചിത്രീകരണം വൈകിപ്പിക്കുകയും ചെയ്തു. ഈ സിനിമ ഇറങ്ങിയതോടെ തെരുവിലായ അവസ്ഥയിലാണ് താനെന്നും ഒരു നിര്‍മാതാവിനും തന്റെ അവസ്ഥ വരരുതെന്നും മൈക്കിള്‍ പറയുന്നു.

ചിത്രത്തിന്റെ കഥ പൂര്‍ണമായി കേട്ട് ബോധിച്ചതിന് ശേഷം മാത്രമാണ് ചിമ്പു “അഅഅ” എന്ന സിനിമ ഏറ്റെടുത്തത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ചിമ്പുവിന് ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. ഷൂട്ടിങ് കാണാന്‍ പൊതുജനം വന്നാല്‍ അഭിനയിക്കുകയില്ല എന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു.  ചിത്രത്തിലെ മൂന്നാമത്തെ കഥാപാത്രം തനിക്ക് ചെയ്യാന്‍ താല്പര്യമില്ലെന്നായി പിന്നെ ചിമ്പുവിന്റെ നിലപാട്. ഒരു മണിക്കൂര്‍ നേരം മാത്രം മതി ചിമ്പുവിന്റെ ഇഷ്ടപ്രകാരം അഭിനയിച്ചോളു അത് ചിത്രീകരിക്കാമെന്ന് വരെ സംവിധായകന്‍  പറഞ്ഞു. ഒടുവില്‍ സ്വന്തം വീട്ടില്‍ വച്ച് തന്നെ ചിത്രീകരിക്കാന്‍ ചിമ്പു സമ്മതിച്ചു. എന്നിട്ടും തയ്യാറായി വരാതെ ചിത്രീകരണം വൈകിപ്പിച്ചു. റിലീസ് തീയതി അടുക്കാറായിട്ടും ചിമ്പു ഡബ്ബിങ്ങിന് വന്നില്ല. അവസാനം വീട്ടിലെ കുളിമുറിയില്‍ ഇരുന്നാണ് ചിമ്പു ഡബ്ബ് ചെയ്തത്. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു തന്നു. ക്വാളിറ്റി വളരെ മോശമായതിനാല്‍ അത് മിക്സ് ചെയ്യാന്‍ സാധിക്കില്ലായിരുന്നു. സെന്‍സര്‍ ചെയ്യാന്‍ വെറും അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ വോയ്സ് മോഡുലേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ശബ്ദം അഡ്ജസ്റ്റ് ചെയ്തെടുത്തു. ആ സോഫ്റ്റ്വെയറിന്റെ വില 75,000 രൂപയായിരുന്നു.

ഈ കഷ്ടപാടുകളെല്ലാം സഹിച്ചാണ് സിനിമ ഞങ്ങള്‍ റിലീസ് ചെയ്തത്. എല്ലാവര്‍ക്കുമറിയാം ആ ചിത്രം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന്. എല്ലാം വെറുതെയായി. 76 ദിവസത്തെ ചിത്രീകരണം തീരുമാനിച്ചിട്ട് നടന്നത് 48 ദിവസം. അതില്‍ ചിമ്പു പങ്കെടുത്തത് വെറും 38 ദിവസം. ചിമ്പു കാരണം ഞാനനുഭവിച്ച യാതനകള്‍ ഇനിയൊരു നിര്‍മാതാവിനും ഉണ്ടാവരുതെന്നാണ് എന്റെ പ്രാര്‍ത്ഥന. നിങ്ങളെ നിങ്ങള്‍ തന്നെ സംരക്ഷിക്കുക.” മൈക്കിള്‍ പറയുന്നു.