ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഞാന്‍ ചെയ്യില്ല, എന്നാല്‍ അങ്ങനെ ഒരു രംഗമുള്ള ഒരു നല്ല സിനിമ വന്നാല്‍ ഉപേക്ഷിക്കില്ല: ഐശ്വര്യ ലക്ഷ്മി

മായാനദിയിലെ അപ്പുവായാണ് മലയാളി പ്രേക്ഷകര്‍ നടി ഐശ്വര്യ ലക്ഷ്മിയെ സ്വീകരിച്ചു തുടങ്ങിയത്. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ചര്‍ച്ചകളില്‍ ഇടം പിടിച്ചിരുന്നു. ടൊവിനോയുടെ കൂടെ അത്തരം ഒരു സിനിമ വന്നാല്‍ ഇനി താന്‍ ചെയ്യില്ലെന്ന് തുറന്നു പറയുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോള്‍.

മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം. ടൊവിനോയുടെ കൂടെ തന്നെ അത്തരം ഒരു സിനിമ വന്നപ്പോള്‍ താന്‍ ചെയ്യില്ല എന്നു തന്നെ പറഞ്ഞു. ആ സമയത്ത് ടൈപ്പ്കാസ്റ്റ് ആയിപ്പോകുമോ എന്നൊരു പേടിയുണ്ടായിരുന്നു. അന്ന് തന്റെ കരിയറില്‍ അങ്ങനെ ഒരു തീരുമാനം ആവശ്യമായിരുന്നു.

പക്ഷേ, ഇന്ന് അങ്ങനെയൊരു രംഗമുള്ളതു കൊണ്ട് ഒരു നല്ല സിനിമ താന്‍ ഉപേക്ഷില്ല. ഇപ്പോള്‍ തനിക്ക് അതിനുള്ള പക്വതയുണ്ട്. അങ്ങനെ ചെയ്യുന്നത് തെറ്റല്ല. സമൂഹത്തിന് അതുള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ വേണ്ട. താന്‍ തന്റെ രീതിയില്‍ ജീവിക്കും. അതാണ് ഇപ്പോഴത്തെ തന്റെ ചിന്ത എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

അതേസമയം, ചിത്രത്തിലെ ചുംബനരംഗങ്ങളും സംഭാഷണങ്ങളും ഇപ്പോഴും വിമര്‍ശിക്കപ്പെടുന്നതിനെ കുറിച്ചും ഐശ്വര്യ പ്രതികരിച്ചു. തനിക്ക് മനസിലായിട്ടുള്ളത് ഇത് നമ്മുടെ സമൂഹത്തിന്റെ പ്രതിഫലനം മാത്രമാണ് എന്നാണ്. പൊതു ഇടത്തില്‍ സ്‌നേഹം പ്രകടപ്പിക്കുന്നത് മോശം സംഗതിയാണെന്ന ബോധം നിലനില്‍ക്കുന്നുണ്ട്.

ചുംബിക്കുന്നത് അതിലും മോശമാണെന്നാണ് ചെറുപ്പം മുതല്‍ നമ്മള്‍ കേട്ടു വരുന്നത്. പക്ഷേ, ഇതു മനുഷ്യന്റെ ശാരീരിക ചോദനകളുടെ ഭാഗം മാത്രമാണെന്ന കാര്യം മനസിലാക്കേണ്ടതുണ്ട്. അതില്‍ നാണിക്കേണ്ട കാര്യമില്ല. ചിരി, സന്തോഷം, സങ്കടം അങ്ങനെ എത്രയോ വികാരങ്ങള്‍ നാം സിനിമയില്‍ കാണിക്കുന്നു.

ഈ വികാരം മാത്രമായെന്തിന് നാം മറച്ചു വയ്ക്കണം? നിങ്ങള്‍ എന്തു വേണമെങ്കിലും പറഞ്ഞോളൂ… തന്റെ രീതിയില്‍ ജീവിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നത്. തന്റെ മനസ്സാക്ഷിക്കു മുമ്പില്‍ ശരിയെന്നു തോന്നുന്നത് ചെയ്യും. മറ്റാരെയും ബോധിപ്പിക്കേണ്ട കാര്യമില്ല. മുമ്പ് ഇത്തരം കമന്റുകള്‍ വേദനിപ്പിച്ചിരുന്നു. ഇനി അത്തരം രംഗങ്ങളില്‍ അഭിനയിക്കില്ല എന്നു വരെ തീരുമാനിച്ചിരുന്നുവെന്നും ഐശ്വര്യ പറയുന്നു.