'തല' ഇമേജിനെ കുറിച്ച് ചോദിച്ചപ്പോള്‍ അജിത്തിന് നാണം വന്നു: വിദ്യാ ബാലന്‍

തല അജിത്ത് വക്കീല്‍ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് “നേര്‍കൊണ്ട പാര്‍വൈ”. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കാണ് “നേര്‍കൊണ്ട പാര്‍വൈ”. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് “നേര്‍കൊണ്ട പാര്‍വൈ”യില്‍ അജിത്ത് അവതരിപ്പിക്കുന്നത്. ശക്തമായ ഒരു വക്കീല്‍ കഥാപാത്രമാണിത്. ചിത്രത്തില്‍ വിദ്യാ ബാലനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വിദ്യയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

അജിത്തിന്റെ ഭാര്യയായാണ് വിദ്യ ചിത്രത്തില്‍ വേഷമിടുന്നത്. അജിത്തിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യ. “ആരാധകരെ ഇത്രയേറെ ആവേശത്തിലാഴ്ത്തുന്ന വലിയൊരു താരമായൊരാള്‍ എന്റെ മുന്നില്‍ വളരെ ലാളിത്യത്തോടെ നില്‍ക്കുന്നത് എനിക്ക് വിശ്വസിക്കാനായില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ രൂപഭാവത്തോടെയാണ് ഞാന്‍ അഭിനയിക്കുന്നതെന്ന് എനിക്ക് തോന്നി. വളരെ എളിമയുളള വ്യക്തിയാണ് അജിത്ത്. “തല” എന്ന അദ്ദേഹത്തിന്റെ ഇമേജിനെ കുറിച്ചും മറ്റും സംസാരിച്ചപ്പോള്‍ അദ്ദേഹം നാണിച്ചു.” വിദ്യ പറഞ്ഞു.

എച്ച്. വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറില്‍ ബോളിവുഡ് നിര്‍മ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവുമായ ബോണി കപൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. “പിങ്ക്” തമിഴിലേക്ക് റിമേക്ക് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചത് അജിത്തായിരുന്നെന്ന് ബോണി കപൂര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയന്‍ഗ്, ആദിക് രവിചന്ദ്രന്‍, അര്‍ജുന്‍ ചിദംബരം, അശ്വിന്‍ റാവു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മഹേഷിന്റെ പ്രതികാരത്തില്‍ വില്ലനായി എത്തിയ സുജിത്ത് ശങ്കറും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. നീരവ് ഷായാണ് ഛായാഗ്രഹണം. യുവന്‍ ശങ്കര്‍ രാജ സംഗീതം. ചിത്രം ഓഗസ്റ്റ് 10ന് തിയേറ്ററുകളിലെത്തും.