മോഹന്‍ലാലും അജിത്തും പ്രിയപ്പെട്ട നടന്മാര്‍, ഇഷ്ടം വെളിപ്പെടുത്തി തൃഷ

മലയാളത്തില്‍ താനേറ്റവും ഇഷ്ടപ്പെടുന്ന നടന്‍ മോഹലാല്‍ ആണെന്ന് തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണന്‍. തന്റെ ആദ്യ മലയാള ചിത്രം ഹേയ് ജൂഡിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിനു നല്‍കിയ അഭിമുഖത്തിലാണ് തൃഷ റാപ്പിഡ് ഫയര്‍ റൗണ്ടിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയവെ തൃഷ മോഹന്‍ലാലിന്റെ പേര് പറഞ്ഞത്. തെന്നിന്ത്യന്‍ സിനിമരംഗത്ത് താനിഷ്ടപ്പെടുന്ന നടന്മാര്‍ അജിത്തും മോഹന്‍ലാലുമാണെന്നാണ് തൃഷ പറഞ്ഞത്. 2017 ലെ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് നിവിന്‍ പോളിയെന്ന മറുപടിയും തൃഷ നല്‍കി.

ഇന്ത്യയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരം സല്‍മാന്‍ ഖാനും പ്രിയങ്കാ ചോപ്രയുമാണ്. ഏറ്റവും നന്നായി ചിരിക്കുന്ന താരം ദീപിക പദുക്കോണാണ്. ഏറ്റവും നന്നായി ശരീരം സൂക്ഷിക്കുന്നത് ഹൃത്വിക് റോഷനാണെന്നും തൃഷ പറഞ്ഞു.

ഹേയ് ഡൂഡിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുന്നുണ്ടെങ്കിലും സാമി 2 വുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് താരം എവിടെയും പരാമര്‍ശങ്ങള്‍ നടത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തമിഴ് സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെട്ട് രമ്യമായി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ് എന്നതിനാലാണ് തൃഷ മൗനം പാലിക്കുന്നത്.

തൃഷയുടെ ആദ്യ മലയാള ചിത്രം ഹേയ് ജൂഡ് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ക്രിസ്റ്റല്‍ എന്ന് വിളിപ്പേര് ഉള്ളൊരു കഥാപാത്രത്തെയാണ് തൃഷ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജൂഡ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. മുകേഷ്, സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട് അമ്പലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.