'എന്നെ കൊല്ലാന്‍ കൊണ്ടുപോകുന്നു' ; സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍, നാടകീയ രംഗങ്ങള്‍, വീഡിയോ

മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തു. വന്നത് പൊലീസുകാരല്ലെന്നും അവര്‍ തന്നെ കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു.

മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ മഞ്ജു ഉള്‍പ്പെടെ ചില മനുഷ്യരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

ഇതിനു മുമ്പും മഞ്ജു വാരിയര്‍ തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സനല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് മഞ്ജുവിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചില കാര്യങ്ങളാണ് നടിയെ പ്രകോപിപ്പിച്ചതെന്നായിരുന്നു സനല്‍ പറഞ്ഞത്.

നേരത്തെ, നുണ പ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ കോളിന്റെ റെക്കോര്‍ഡിംഗും ഇതിനൊപ്പം സനല്‍കുമാര്‍ പുറത്ത് വിട്ടിരുന്നു. കേസ് തനിക്കെതിരാണെന്ന വാര്‍ത്ത താന്‍ കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പോസ്റ്റ് ചെയ്തതെന്നും അറിയിച്ച് നേരത്തയിട്ട പോസ്റ്റ് സനല്‍കുമാര്‍ പിന്‍വലിച്ചു.

മാധ്യമ പ്രവര്‍ത്തകന്റെ ഫോണ്‍കോള്‍ പങ്കുവെച്ചുകൊണ്ട് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്:

ഇന്ന് രാവിലെ 8.24 ന് എനിക്കൊരു കാള്‍ വന്നു. ആള്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. മഞ്ജു വാര്യരുടെ പരാതിയില്‍ എനിക്കെതിരെയാണോ കേസ് എടുത്തിട്ടുള്ളത് എന്നയാള്‍ ചോദിച്ചു. ഞാന്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞു. അയാള്‍ക്ക് ഒരു പത്രക്കുറിപ്പ് കിട്ടി എന്നും ആരാണ് അത് എഴുതിയുണ്ടാക്കിയതെന്ന് അറിയില്ലെന്നും അയാള്‍ പറഞ്ഞു. എനിക്ക് അറിയില്ല എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഫോണ്‍ വെച്ചു. പിന്നീട് അതിന്റെ വിവരങ്ങള്‍ അറിയണമല്ലോ എന്ന് കരുതി ഞാന്‍ അയാളെ വിളിച്ചു. അതിന്റെ റെക്കോര്‍ഡ് ആണ് ചുവടെയുള്ളത്. നുണപ്രചാരണങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ വഴിയും നടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നി. എന്റെ ഫോണ്‍ ഹാക്ക് ചെയ്ത് റെക്കോര്‍ഡിംഗ് അസാധ്യമാക്കിയിരിക്കുന്നതിനാല്‍ മറ്റൊരു ഡിവൈസ് ഉപയോഗിച്ചാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. അതിനാല്‍ കാളിന്റെ ആദ്യഭാഗം മുറിഞ്ഞുപോയിട്ടുണ്ട്. എന്തായാലും ഇതൊക്കെയാണ് ഇന്നാട്ടില്‍ നടക്കുന്നത് എന്നതിന്റെ ഒരു രേഖയായി ഇതിവിടെ കിടക്കട്ടെ.

Read more