മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ എടുത്തുകണ്ട് അവന്‍ പഠിക്കാറുണ്ട്, ഞാന്‍ അവന് കൊടുത്ത ഉപേദശം ഇതാണ്..: ഹരിശ്രീ അശോകന്‍

മകന്‍ അര്‍ജുന് നല്‍കിയ ഉപദേശത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഹരിശ്രീ അശോകന്‍. മകന്റെ മനസ്സ് മുഴുവന്‍ ഇപ്പോള്‍ സിനിമയാണ്. അന്യഭാഷാ സിനിമകളും മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പരുടെയും സിനിമകള്‍ അര്‍ജുന്‍ കണ്ട് പഠിക്കാറുണ്ട് എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ പറയുന്നത്.

ജാന്‍ എ മന്‍, അജഗജാന്തരം, മധുരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടിട്ട്, അര്‍ജുന്‍ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്ന് പലരും വിളിച്ചു പറഞ്ഞു. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. മകന്‍ സിനിമയില്‍ വരുമെന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു. ഡിഗ്രി കഴിഞ്ഞ് അവനെ ഇംഗ്ലണ്ടില്‍ പഠിക്കാന്‍ വിടാന്‍ ആയിരുന്നു പ്ലാന്‍.

പോകാന്‍ റെഡിയായി ഒരു മാസം ബാക്കിയുള്ളപ്പോള്‍ നിങ്ങളെ രണ്ടു പേരെയും പിരിഞ്ഞു പോകാന്‍ ആവില്ലെന്ന് അവന്‍ അമ്മയോട് പറഞ്ഞു. ‘ഇംഗ്ലണ്ടില്‍ വിട്ടു പഠിപ്പിക്കാന്‍ കരുതിയ പണം എനിക്ക് തന്നാല്‍ ഞാന്‍ ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്യാം’ എന്ന് അവന്‍ പറഞ്ഞു.

എന്നാല്‍ അങ്ങനെയാകട്ടെ എന്ന് തങ്ങള്‍ കരുതി. അവനും സുഹൃത്തുക്കളും ചേര്‍ന്ന് ഒരു കാര്‍ സര്‍വീസ് സെന്ററും പൊറോട്ട, ചപ്പാത്തി ഉണ്ടാക്കുന്ന കമ്പനിയും തുടങ്ങി. അതൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. അതിനിടയ്ക്കാണ് പറവ എന്ന സിനിമയിലേക്ക് അവനെ സൗബിന്‍ വിളിക്കുന്നത്.

പിന്നെ അവന്‍ കഥാപാത്രത്തിനു വേണ്ടി താടിയൊക്കെ വളര്‍ത്തി എട്ടു മാസത്തോളം അവരോടൊപ്പമായിരുന്നു. സിനിമ എങ്ങനെ തുടങ്ങണമെന്ന് അവനൊരു ഐഡിയ കിട്ടിയത് സൗബിന്റെ ഗ്യാങ്ങില്‍ നിന്നാണ്. അവന്റെ മനസ്സ് മുഴുവന്‍ സിനിമയാണ് ഇപ്പോള്‍.

ഒരുപാട് അന്യഭാഷാ ചിത്രങ്ങള്‍ അവന്‍ കാണാറുണ്ട്. അന്യഭാഷാ ചിത്രങ്ങളില്‍ നിന്ന് ഒരുപാട് പഠിക്കാനും റഫറന്‍സ് എടുക്കാനും ഉണ്ടെന്ന് അവന്‍ പറയും. മമ്മൂക്കയുടെയും ലാലേട്ടന്റെയും തുടങ്ങി പലരുടെയും സിനിമകള്‍ എടുത്തുകണ്ട് അവന്‍ പഠിക്കാറുണ്ട്.

താന്‍ അവനോട് പറഞ്ഞത് ഇതാണ്, ”നിനക്ക് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഏറ്റെടുക്കാന്‍ പാടുള്ളൂ. നീ ഏറ്റെടുത്ത സിനിമകള്‍ ഉറപ്പായും തീര്‍ത്തു കൊടുക്കുക എന്നുള്ളത് നിന്റെ കടമയാണ്.” അവന്‍ അത് എപ്പോഴും അനുസരിക്കുന്നുണ്ട് എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.