നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍ നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട്: ഹരീഷ് പേരടി

മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഹരീഷ് പേരടി. കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത് മാധ്യമ പ്രവര്‍ത്തകരാണെന്നും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ് എന്നും ഹരീഷ് പേരടി കുറിച്ചു. ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജിയ്ക്ക് പിന്നാലെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക. നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ എന്നും ഹരീഷ് പേരടി പറഞ്ഞു. കുറിപ്പിനൊപ്പം തോക്ക് ചൂണ്ടി നില്‍ക്കുന്ന ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട നാലാം തൂണുകളെ നിങ്ങളെ ഞാനും വിമര്‍ശിക്കാറുണ്ട്. ഇനിയും അതുണ്ടാവും. എത്രയൊക്കെ വിമര്‍ശിച്ചാലും നിങ്ങളാണ് പ്രത്യേകിച്ചും കേരളത്തില്‍ മനുഷ്യാവകാശവും ജനാധിപത്യവും നിലനിര്‍ത്തുന്നത്. അല്ലെങ്കില്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. നിങ്ങളോട് അവര്‍ പൊതുയിടത്തില്‍ വെച്ച് കൂള്‍ ആവാന്‍ പറയുന്നുണ്ടെങ്കില്‍. നിങ്ങളോട് കടക്ക് പുറത്ത് എന്ന് പറയുന്നുണ്ടെങ്കില്‍ നിങ്ങളെ അവര്‍ ഭയപ്പെടുന്നുണ്ട് എന്ന് ഉറപ്പാണ്. നിങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് ഉറപ്പാണ്. ചോദ്യങ്ങളുടെ ചൂണ്ടുവിരലുമായി നിര്‍ഭയം മുന്നോട്ട് പോവുക. നാലാം തൂണിന്റെ നന്മകളും പൊതു സമൂഹം തിരിച്ചറിയട്ടെ. മാധ്യമ സലാം.’

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് ഹരീഷ് പേരടി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാമെന്നും അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം എന്നുമാണ് പേരടി സോഷ്യല്‍മീഡിയയില്‍ പറഞ്ഞു.