നാടകങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടു കൊടുക്കാമോ, റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും; ഹരീഷ് പേരടി

തിയേറ്റര്‍ ഉടമകളോട് പുതിയ ആശയം പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി. ടിക്കറ്റ് നിരക്ക് ഈടാക്കി നാടകം കളിക്കാന്‍ തയ്യാറായാല്‍ നഷ്ടം നികത്താമെന്നാണ് മുതിര്‍ന്ന നാടക നടന്റെ അഭിപ്രായം. ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോയെന്ന് ഹരീഷ് പേരടി ഉടമകളോട് ചോദിച്ചു.

‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു.

ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറുമെന്നും ഹരീഷ് പറഞ്ഞു. ഏത് സര്‍ക്കാരും പിന്നാലെ വന്നോളും. അത് അപ്പോള്‍ ആലോചിക്കാമെന്നും പേരടി പറഞ്ഞു. കോഴിക്കോട്ടെ തിയേറ്ററുകളെ സംവിധായകന്‍ രഞ്ജിത്ത് കോളാമ്പിയെന്ന് വിശേഷിപ്പിച്ചതിനേയും നടന്‍ പരിഹാസരൂപേണ വിമര്‍ശിച്ചു.

‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കോളാമ്പിയില്‍ നിന്ന് തന്നെ തുടങ്ങാം. നാടകവും റെഡിയാണ്. ശാന്തന്റെ ‘ഭൂപടം മാറ്റി വരയ്ക്കുമ്പോള്‍’ റഫീഖിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉദ്ഘാടനം ചെയ്യും. ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക. നാളെയെങ്കില്‍ നാളെ.’ തങ്ങള്‍ റെഡിയാണെന്നും ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.