വരൂ പ്രിയരെ.. നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം: സജി ചെറിയാന് എതിരെ ഹരീഷ് പേരടി

ഇന്ത്യന്‍ ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ മന്ത്രിയുടെ വിവാദ പരാമര്‍ശത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി.

നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാമെന്നും അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം എന്നുമാണ് പേരടി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

ഹരീഷ് പേരടിയുടെ വാക്കുകള്‍: വരൂ പ്രിയരെ..നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…അതികാലത്തെഴുന്നേറ്റ് അവിടുത്തെ തെരുവുകളില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ തളിര്‍ത്തു പൂവിടരുകയും അവിടുത്തെ പ്രസംഗവേദികളില്‍ ഭരണഘടനാ ലംഘനങ്ങള്‍ പൂക്കുകയും ചെയ്‌തോ എന്നുനോക്കാം…അവിടെവെച്ച് നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രതിരോധവും പ്രതിഷേധവും തരും…കഥ-കുന്തവും കൊടചക്രവും.

ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.