'മരക്കാറിന്റെ സെറ്റ് കണ്ട് അതിശയിച്ചു പോയി, പതിനാലാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടപ്പെട്ട അനുഭവമായിരുന്നു'

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ ആകാംക്ഷയോടെയാണ് മലയാള സിനിമാ ലോകം ചിത്രത്തിനായി ഒരുങ്ങുന്നത്. മരയ്ക്കാറിന്റെ സെറ്റ് കണ്ട് സത്യത്തില്‍ താന്‍ അതിശയിച്ച് പോയെന്ന് പറയുകയാണ് നടന്‍ ഹരീഷ് പേരടി. പതിനാലാം നൂറ്റാണ്ടിലേക്ക് എത്തപ്പെട്ട അനുഭവമായിരുന്നു തനിക്ക് ഉണ്ടായതെന്നും ഹരീഷ് പറയുന്നു.

“എന്റെ ഇത്രയും കാലത്തെ അഭിനയ ജീവിത്തിലെ വലിയ ഭാഗ്യങ്ങളിലൊന്നാണ് മരക്കാര്‍. ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. മറ്റ് സിനിമകളില്‍ മരക്കാറിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ ചരിത്ര പശ്ചാത്തലമാണ്. വലിയൊരു സെറ്റിനുള്ളലേക്കാണ് ഞാന്‍ അഭിനയിക്കാന്‍ എത്തിയത്. അതിശയിച്ചുപോയി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നിന്ന് പതിനാലാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടപ്പെട്ട ഒരു ഫീല്‍ ആണ് അത് സമ്മാനിച്ചത്. ആ സെറ്റ് തന്നെ അമ്പത് ശതമാനം ആ കാലഘട്ടത്തിന് അനുസരിച്ച് അഭിനയിക്കുന്നതിന് സഹായകരമായി. ബാക്കിയെ അഭിനയിച്ച് ഫലിപ്പിക്കാനുണ്ടായുള്ളു.” ഹരീഷ് പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.