ദയവായി ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ സന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം: ഷെയ്ന്‍ നിഗം

ഫോണ്‍ വിളിക്കുമ്പോഴുള്ള കൊറോണ ജാഗ്രതാസന്ദേശം കുറച്ച് നാളത്തേക്ക് ഒഴിവാക്കണം എന്ന് നടന്‍ ഷെയ്ന്‍ നിഗം. കേരളം മറ്റൊരു പ്രളയഭീതിയിലേക്ക് എത്തി നില്‍ക്കുമ്പോഴാണ് റെക്കോഡു ചെയ്തുവെച്ച കോവിഡ് സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാനുള്ള സമയം നഷ്ടപ്പെട്ടേക്കാം എന്ന് ഷെയ്ന്‍ പറയുന്നത്.

“”സര്‍ക്കാരുകളുടെ ശ്രദ്ധയിലേക്കാണ്.. ദയവായി ഫോണ്‍ വിളിക്കുമ്പോള്‍ ഉള്ള കൊറോണ സന്ദേശം കുറച്ചു നാളത്തേക്ക് ഒഴിവാക്കണം എന്ന് അപേക്ഷിക്കുന്നു. കേരളം മറ്റൊരു പ്രളയഭീതിയിലാണ്. അത്യാവശ്യമായി ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്തു വെച്ച സന്ദേശം മൂലം ഒരു ജീവന്‍ രക്ഷിക്കാന്‍ ഉള്ള സമയം പോലും നമുക്ക് നഷ്ടമായേക്കാം. ദയവായി ഉടന്‍ തന്നെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു”” എന്നാണ് ഷെയ്‌ന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആരാധകരും താരത്തിന്റെ അഭിപ്രായത്തോട് യോജിപ്പ് വ്യക്തമാക്കി. പ്രളയകാലത്ത് കോവിഡ് സന്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സന്ദേശങ്ങള്‍. കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഏറെ ദുരന്തങ്ങളാണ് സംഭവിച്ചത്.

17 പേരുടെ മരണത്തിന് ഇടയാക്കിയ രാജമലയിലെ മണ്ണിടിച്ചല്‍ കേരളത്തെ ദുഖത്തിലാഴ്ത്തിയിരുന്നു. അതേദിവസം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലെ വിമാനാപകടവും കേരളത്തെ ഒന്നാകെ ഞെട്ടിച്ചു.