'തമാശ ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല'; ഗിന്നസ് പക്രു

ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസ് റെക്കോഡോളം വളര്‍ന്ന കഥയാണ് അജയകുമാര്‍ എന്ന ഗിന്നസ് പക്രുവിന് പറയാനുള്ളത്. ഒരു സിനിമയില്‍ നായകവേഷം കൈയാളിയ ഏറ്റവും നീളം കുറഞ്ഞ നടന്‍, ഏറ്റവും നീളം കുറഞ്ഞ സംവിധായകന്‍, സിനിമ പുരസ്‌കാരങ്ങള്‍ തുടങ്ങി ഉയരമുള്ള ബഹുമതികള്‍ ഏറെയുണ്ട് പക്രുവിന്റെ ശിരസ്സില്‍. എങ്കിലും അതിന്റെ തലക്കനമില്ലാതെ മുന്നോട്ടു നീങ്ങുകയാണ് പക്രു. സിനിമയില്‍ ചിരിപ്പിക്കുന്ന പക്രു ജീവിതത്തില്‍ തമാശയും കുട്ടിക്കളിയുമില്ലെന്നാണ് പറയുന്നത്. തമാശ തന്റെ ഉപജീവനമാര്‍ഗമാണെന്നും ജീവിതത്തില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് പക്രുവിന്റെ നിലപാട്.

“ജീവിതത്തെ സീരിയസായി കാണുന്ന വ്യക്തിയാണ് ഞാന്‍, തമാശ പലപ്പോഴും ഉപജീവനമാര്‍ഗത്തിനായി എടുത്തണിയുന്നതാണ്, ജോലിയുടെ ഭാഗമാണത്. വീട്ടില്‍ തമാശയും കുട്ടിക്കളിയുമില്ല. കുട്ടിക്കാലം മുതല്‍ക്കേ കുടുംബഭാരം ഏറ്റെടുത്ത് ജീവിച്ച ആളാണ്, തമാശയുടെ മേമ്പൊടിക്കുള്ളില്‍ നില്‍ക്കുന്ന ശക്തമായ കഥാപാത്രങ്ങളോടെന്നുമൊരു ഇഷ്ടക്കൂടുതലുണ്ട്” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഗിന്നസ് പക്രു പറഞ്ഞു.

പക്രുവിനെ നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ചിത്രം ഇളയരാജ റിലീസിങ്ങിനൊരുങ്ങുകയാണ്. അപ്പോത്തിക്കിരി, മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മാധവ് രാംദാസ് ഒരുക്കുന്ന ചിത്രമാണിത്. ഗിന്നസ് പക്രു വനജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. ദീപക് പറമ്പോല്‍, ഹരിശ്രീ അശോകന്‍, കവിത നായര്‍, അനില്‍ നെടുമങ്ങാട്, ബേബി ആര്‍ദ്ര, മാസ്റ്റര്‍ ആദിത്യന്‍,ജയരാജ് വാര്യര്‍,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. സുദീപ് ടി ജോര്‍ജ്ജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.