'മൂഡൗട്ട് ആയി ഇരിക്കുമ്പോള്‍ നിവിന്‍ ചേട്ടന്‍ വന്ന് ചോദിക്കും, പുള്ളി വന്ന് രണ്ട് വര്‍ത്തമാനം പറയുമ്പോഴേക്കും ശരിയാകും: ഗ്രേസ് ആന്റണി

കനകം കാമിനി കലഹം ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവച്ച് നടി ഗ്രേസ് ആന്റണി. ആദ്യമായി നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച താരം ചിത്രത്തില്‍ നിവിന്‍ മികച്ച പിന്തുണയെ കുറിച്ചാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.

ആശയവിനിമയം നടത്താന്‍ ഏറെ എളുപ്പമുള്ള നടനാണ് നിവിന്‍ ചേട്ടന്‍. നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ മനസുള്ള ഒരു സഹപ്രവര്‍ത്തകന്‍ ഒരു കലാകാരന് വലിയ പിന്തുണയാണ്. കനകം കാമിനിയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ മൂഡൗട്ട് ആയി ഇരിക്കുന്ന സമയത്ത് നിവിന്‍ ചേട്ടന്‍ വന്ന് ചോദിക്കും എന്ത് പറ്റിയെന്ന്.

പുള്ളി വന്ന് രണ്ട് വര്‍ത്തമാനം ഒക്കെ പറയുമ്പോഴേക്കും നമ്മള്‍ ഓകെ ആയിട്ടുണ്ടാകും. സെറ്റും അങ്ങനെ തന്നെയായിരുന്നു. അതൊക്കെ തന്നെയാണ് നിവിന്‍ എന്ന നടനില്‍ നിന്നും നിര്‍മ്മാതാവില്‍ നിന്നും നമുക്ക് കിട്ടുന്ന പിന്തുണ. കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റുന്ന സഹതാരമാണ്.

ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം എന്നാണ് ഗ്രേസ് ആന്റണി വ്യക്തമാക്കി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള്‍ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.