നടന്മാരല്ല, അവര്‍ എനിക്ക് രണ്ട് കഥാപാത്രങ്ങള്‍ മാത്രമായിരുന്നു: ഗൗരി നന്ദ

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ അയ്യപ്പനും കോശിയും നിറഞ്ഞാടിയപ്പോള്‍ പെണ്‍കരുത്തായി ഉദിച്ചു നിന്ന കഥാപാത്രമാണ് ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രം. കണ്ണമ്മ എന്ന ശക്തയായ ആദിവാസി സ്ത്രീ കഥാപാത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഗൗരി.

“പകടിയാട്ടം എന്ന തമിഴ് സിനിമയിലെ അഭിനയമാണ് കണ്ണമ്മ എന്ന കഥാപാത്രത്തിലേക്കെത്തിച്ചത്. കണ്ണമ്മയെ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നടന്മാര്‍ എന്നതില്‍ നിന്നു മാറി അയ്യപ്പനും കോശിയും എന്ന രണ്ടു കഥാപാത്രങ്ങളായി മാത്രം അവരെ കാണാന്‍ ശ്രമിച്ചു. അവരും എന്നോട് അതു തന്നെയാണ് പറഞ്ഞത്. കഥാപാത്രം എങ്ങനെ പെരുമാറണമെന്നാണോ സംവിധായകന്‍ പറഞ്ഞത് അതു മാത്രമേ ഞാന്‍ ചെയ്തുള്ളൂ.”

“കണ്ണമ്മയുടെ അത്ര ബോള്‍ഡൊന്നുമല്ല ഞാന്‍. അവരെപ്പോലെ പെട്ടെന്നു തന്നെ കാര്യങ്ങളോടു പ്രതികരിക്കണമെന്നുമില്ല. പക്ഷേ, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ബോള്‍ഡായ സ്വഭാവം തന്നെയാണ് എന്റേത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഗൗരി പറഞ്ഞു.