വില്ലനായി അവതരിക്കുന്നു ജി.പി.

Advertisement

റിനി ആൻ ജോർജ്

പ്രണയാതുരമായ ഭാവങ്ങളും സ്‌നേഹനിർഭരമായ വാക്കുകളും കൊണ്ട് പ്രേക്ഷക മനം കവരുന്ന ഗോവിന്ദ് പദ്മസൂര്യ. ക്യാമ്പസ്സുകളുടെ കാമുകനായ ജിപി എന്ന അവതാരകനെ അറിയാത്തവർ കുറവായിരിക്കും. ‘എന്റെ സുന്ദരി, സുന്ദരന്മാരെ’ എന്ന് പ്രോഗാമുകളിൽ പ്രേക്ഷകരെ അഭിസംബോധന ചെയുമ്പോൾ അതിൽ കുഞ്ഞുങ്ങളും അമ്മൂമ്മമാരും അപ്പൂപ്പന്മാരും ഉൾപ്പെടുമെന്ന് പറയുന്നു ഗോവിന്ദ് പദ്മസൂര്യ.

‘ഞാൻ എന്റെ പ്രേക്ഷകരുമായി പ്രണയത്തിലാണ്, കാണാത്തവരോടും എനിക്ക് പ്രണയമാണ്.’എന്തിനെയും എല്ലാത്തിനെയും പ്രണയത്തോടെ നോക്കികാണുന്നതിൽ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് കേരളത്തിന്റെ പ്രിയ അവതാരകൻ ജിപി. ‘കീപ് ഫാൾ ഇൻ ലവ് വിത്ത് എവരിതിങ് യൂ ഡൂ’ ഇതാണ് ജിപി യുടെ മോട്ടോ.

‘ഡി 4 ഡാൻസ്’ എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിപിയെ പിന്നീട് തികച്ചും വ്യത്യസ്‌തമായ ക്വിസ് ഷോയായ ‘അടി മോനെ ബസറിലാണ്’ പ്രേക്ഷകർ കണ്ടത്. എട്ടു മാസത്തെ മൗനത്തിനു ശേഷം ഇപ്പോൾ ഏഷ്യാനെറ്റിലെ ‘ഡെയർ ദി ഫിയർ,ആർക്കുണ്ട് ഈ ചങ്കൂറ്റം?’ എന്ന സ്റ്റണ്ട് റിയാലിറ്റി ഷോയിലൂടെ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ജിപി. മലയാളത്തിൽ നായകപരിവേഷമുള്ള അവതാരകനായി വിലസ്സുന്ന ജിപി, ‘കീ’ എന്ന തമിഴ് ചിത്രത്തിൽ ജീവയുടെ വില്ലനായി അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്.

മുന്നിലുള്ള ക്യാമറയോടല്ല, അകക്കണ്ണിലൂടെ കാണുന്ന പ്രേക്ഷകരോടാണ് താൻ സംസാരിക്കാറുള്ളത്. അതുകൊണ്ടാകാം തന്നെ ജനങ്ങൾ സ്വീകരിച്ചതെന്നും പറയുന്നു ജിപി. മികച്ച അവതാരകനുള്ള സംസ്ഥാന അവാർഡ് നൽകി ആദരിക്കുന്നതിനൊപ്പം തനിക്കു മേൽ സ്നേഹം ചൊരിഞ്ഞ പ്രേക്ഷകരോട് അകമഴിഞ്ഞ സ്നേഹവും നന്ദിയുമാണ് ജിപിക്ക് പങ്കുവെക്കാനുള്ളത്. സൗത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തിലൂടെ ഗോവിന്ദ് പദ്മസൂര്യ തന്റെ മനസ് തുറക്കുകയാണ്.

മികച്ച അവതാരകനുള്ള സംസ്ഥാന ബഹുമതി രണ്ടാം പ്രാവശ്യവും താങ്കളെ തേടിയെത്തിയിരിക്കുകയാണല്ലോ. എന്താണ് പ്രതികരണം ?

ഒരുപാടു സന്തോഷം ഉണ്ട്. ഏതൊരു അവാർഡും ഒരു കലാകാരനെ സംബന്ധിച്ച് മോട്ടിവേഷൻ ആണ്. ചെയ്യുന്ന കാര്യം കൂടുതൽ ആർജവത്തോടെ ചെയ്യാനുള്ള പ്രചോദനമാണ്. അടി മോനെ ബസറിന് അവാർഡ് ലഭിച്ചതിൽ കൂടുതൽ മധുരം ഉണ്ട്. കാരണം ഒരു അവതാരകൻ എന്ന നിലയിൽ അതൊരു എക്സ്പിരിമെന്റഷൻ ആയിരുന്നു. ‘ഡി 4 ഡാൻസ്’ എന്ന നല്ലപോലെ വിജയിക്കുകയും ജഡ്ജസും ഒന്നിലധികം അവതാരകരും ഉള്ള ഷോയിൽ നിന്ന് ഒറ്റയ്ക്കു ഒരു ഷോ അവതരിപ്പിക്കുക, അതും ഡാൻസ് ഷോയിൽ നിന്നും തികച്ചും വ്യത്യസ്തമായ, പക്വത ഉള്ള അതോടൊപ്പം എന്റെർറ്റൈനിങ്ങുമായ ക്വിസ് ഷോ. മാത്രമല്ല റേറ്റിംഗ് എപ്പോഴും ഒരു പോലെ നിലനിർത്താൻ സാധിക്കുക. അതൊക്കെ വലിയ കോൺഫിഡൻസ് ആണ് എനിക്ക് നൽകിയത്. കൂടുതൽ പരീക്ഷണങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള മോട്ടിവേഷൻ ആണ് ഈ അവാർഡ്.എന്നാൽ അവാർഡിനേക്കാൾ ഞാൻ വിലമതിക്കുന്നത് ജനങ്ങളുടെ പ്രതികരണങ്ങൾ ആണ്. കാരണം ജനങ്ങൾക്ക് വേണ്ടിയാണു ഞാൻ പ്രോഗ്രാം അവതരിപ്പിക്കുന്നത്. അവരുടെ സ്നേഹമാണ് മധുരം. അവാർഡ് ഇരട്ടി മധുരം നൽകുന്നു. രണ്ടാമതും അവാർഡ് ലഭിച്ചത് ഈശ്വര അനുഗ്രഹം തന്നെയാണ്.

മികച്ച അവതാരകൻ എന്ന നിലയിൽ മറ്റ് അവതാരകർക്ക് എന്ത് ടിപ്സാണ് നൽകാനുള്ളത് ?

അഭിനയിക്കുമ്പോൾ നമ്മൾ ഒരു കഥാപാത്രമാണ്. എന്നാൽ ടെലിവിഷനിൽ നമ്മൾ നമ്മൾ തന്നെയാണ്. പ്രേക്ഷകർക്ക് നമ്മളുമായി ഒരു കണക്ഷൻ ഉണ്ടാകുന്നുണ്ട്. നമ്മുടെ വീക്നെസ്, സ്ട്രെങ്ത് ഇതെല്ലാം നമ്മുടെ സുഹൃത്തുക്കൾ മനസിലാക്കുന്നത് പോലെ പ്രേക്ഷകർക്ക് മനസിലാക്കാൻ സാധിക്കും. സ്വന്തം വ്യക്തിത്വത്തിൽ നിൽക്കാൻ സാധിക്കും എന്നതാണ് ടെലിവിഷനിൽ ലഭിക്കുന്ന ഭാഗ്യം. ഞാൻ ഞാൻ തന്നെയായി നിന്നതുകൊണ്ടാണ് ജനങ്ങൾ അംഗീകരിച്ചത് എന്ന് വിശ്വസിക്കുന്നു. എന്റെ സുഹൃത്തുക്കളുമായി ഞാൻ പെരുമാറുന്നത് പോലെ പ്രേക്ഷകരുമായി കണക്ട് ആകാൻ സാധിച്ചു. അതുകൊണ്ടു തന്നെ സുഹൃത്തുക്കൾ എന്നെ മനസിലാക്കുന്നത് പോലെ അവർ എന്നെ മനസിലാക്കി. അവർ എന്റെ കുറവുകളും ഗുണങ്ങളും മനസിലാക്കി എന്നോടൊപ്പം നിന്നു. ആദ്യമൊക്കെ പകച്ചു നിന്ന ഞാൻ നല്ലൊരു അവതാരകനാകുന്നതിൽ പ്രേക്ഷകർ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അത് തന്നെയാണ് മറ്റ് അവതാരകരോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ നിങ്ങളായി നിൽക്കുക. ഓരോരുത്തരും യൂണിക്‌ ആണ്. ആളുകൾ എന്ത് വിചാരിക്കും,. എന്റെ ഇമേജ് നഷ്ടമാകുമോ, ഇത്തരം ചിന്തകൾ മാറ്റിവെക്കുക.

മലയാളത്തിൽ നായകതുല്യമായ ജനപ്രീതിയുള്ള താങ്കൾ എന്തുകൊണ്ടാണ് തമിഴിൽ വില്ലൻ കഥാപാത്രം തിരഞ്ഞെടുത്തത് ?

തമിഴിൽ നിന്ന് തന്നെ ഒരുപാടു ഓഫറുകൾ വന്നിരുന്നു. നായകനായി തന്നെ. എന്നാൽ അതൊന്നും വലിയ ബാനറുകൾ ആയിരുന്നില്ല. അതൊക്കെ റിലീസ് ആകുമോ എന്ന് പോലും അറിയില്ല. വെറുതെ എന്തിലെങ്കിലും അഭിനയിക്കുകയല്ല, മറിച്ചു ശ്രദ്ധിക്കപ്പെടുന്നത് ചെയുക എന്നതാണ് എന്റെ രീതി. ഒരു പെർഫോർമർ എന്ന നിലയിൽ എന്നെ വളർത്തുന്ന കാര്യങ്ങൾ ആയിരിക്കണം. വളരെ സെലെക്ടഡ് ആയിട്ടു മാത്രമേ ഞാൻ അവസരങ്ങൾ തെരെഞ്ഞെടുക്കാറുള്ളു.എന്റെ വാല്യൂ അഡിഷൻ എന്നതിനാണ് ഞാൻ പ്രാധാന്യം കൽപ്പിക്കുന്നത്. അത് അവതരണത്തിൽ ആയാലും അഭിനയത്തിലായാലും പരസ്യ ചിത്രങ്ങളായാലും ശരി.ചെയുന്നത് മനോഹരമായി,എന്റെ മുഴുവൻ കഴിവും നൽകി അവതരിപ്പിക്കണം.

ജീവയുടെ കീ എന്ന സിനിമയിലെ ഈ വില്ലൻ കഥാപാത്രം വന്നപ്പോൾ അത് ഉപേക്ഷിക്കുന്നത് മണ്ടത്തരം ആകും എന്ന് തോന്നി. കാരണം ജീവ തമിഴിൽ വലിയൊരു സ്റ്റാർ ആണ്. മാത്രമല്ല ജീവ അടുത്തിടെ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ ബാനർ ആണ്. പിന്നെ വില്ലനാകുന്നതിൽ ഇഷ്ടക്കുറവ് തോന്നിയില്ല, കാരണം ഈ വില്ലനിൽ ഒരു ഹീറോയിസം ഉണ്ട്. ചിത്രത്തിൽ ആദ്യ പ്രിഫറൻസ് ജീവയ്ക്കു ആണെങ്കിൽ സെക്കൻഡ് പ്രിഫറൻസ് എനിക്ക് തന്നെയാണ്.

മലയാളത്തിലും തമിഴിലും എന്തൊക്കെ വ്യത്യാസങ്ങളാണ് അനുഭവപ്പെട്ടത് ?

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് തമിഴിൽ മലയാളീ ആക്ടർമാർക്ക് ലഭിക്കുന്ന റെസ്‌പെക്ട് ആണ്. അവർ മലയാളീ ആക്ടര്സിന് വലിയ മൂല്യമാണ് കൽപ്പിക്കുന്നത്. അതിനു ക്രെഡിറ്റ് നൽകേണ്ടത് ഇതിനു മുൻപത്തെ നമ്മുടെ ആക്ടര്സിന് തന്നെയാണ്. അതെ റെസ്‌പെക്ട് കാത്തുസൂക്ഷിക്കേണ്ടത് ഇനി വരുന്ന നടി നടന്മാരുടെ ഉത്തരവാദിത്വമാണ് എന്ന് എനിക്ക് തോന്നി. മലയാളം അപേക്ഷിച്ചു നോക്കുമ്പോൾ തമിഴ് സിനിമയുടെ സ്കെയിൽ വളരെ വലുതാണ്. 23 ദിവസം കൊണ്ട് ചെറായി റിസോർട്ടിൽ ഷൂട്ട് ചെയ്ത ഒരു കൊച്ചു സിനിമയായിരുന്നു പ്രേതം.

എന്നാൽ അത് കഴിഞ്ഞു ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ പോയപ്പോൾ ‘ദൈവമേ ഷൂട്ട് കാണാൻ ഇത്രയും ആളുകളോ’ എന്ന് ഞാൻ കരുതി പിന്നീടാണ് മനസിലായത് ഷൂട്ടിംഗ് ക്രൂ ആണെന്ന്. ഇവിടെ നൂറു പേരാണ് എങ്കിൽ അവിടെ ഇരുന്നൂറു പേരുണ്ടാകും ക്രൂ മെംബേർസ്. പിന്നെ എന്നെ അത്ഭുതപ്പെടുത്തിയത് ഷൂട്ട് കാണാൻ വന്ന ആളുകൾ എനിക്ക് നൽകിയ മോട്ടിവേഷൻ ആണ്. അവരെ സംബന്ധിച്ച് അവർക്കു എന്നെ അറിയുക പോലും ഇല്ല. ഞാനൊരു പുതുമുഖം മാത്രമാണ്. എന്നിട്ടും കൈയടിച്ചു പ്രോത്സാഹിപ്പിക്കുമായിരുന്നു. നല്ല സപ്പോർട്ടാണ് എനിക്ക് കിട്ടിയത്. രാത്രി രണ്ടു മണിക്ക് പോലും ഷൂട്ടിംഗ് കാണാൻ വൻ ജനപ്രവാഹമായിരുന്നു. അത്രയ്ക്ക് അഭിനിവേശമാണ് സിനിമ എന്നാൽ അവർക്ക്.

‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ വീണ്ടും അവതാരക മേഖലയിലേക്ക് തിരിച്ചു വന്നിരിക്കുകയാണല്ലോ ? വളരെ സെലെക്ടിവ് ആയി മാത്രം പ്രോഗ്രാമുകൾ തിരഞ്ഞെടുക്കുന്ന താങ്കൾ ഈ ഷോ തിരഞ്ഞെടുക്കാനുള്ള കാരണം എന്താണ് ? എന്തൊക്കെയായിരുന്നു അനുഭവങ്ങൾ ?

മലയാളത്തിലെ ആദ്യത്തെ ബിഗസ്റ്റ് സ്റ്റണ്ട് റിയാലിറ്റി ഷോ ആണ് ഡെയർ ദി ഫിയർ. ഏത് ഷോ ആണെങ്കിലും എത്ര വേണമെങ്കിലും അവതാരകരെ പേരെടുത്തു പറയാൻ സാധിക്കും എന്നാൽ സ്റ്റണ്ട് ഷോയിൽ പേര് പറയാൻ ഒരു മലയാളി അവതാരകൻ ഇല്ല. ഇത് മലയാളത്തിൽ പുതിയൊരു കൺസെപ്റ്റ് ആണ്. അതുകൊണ്ടു തന്നെ എനിക്ക് വേറെ റഫറൻസ് ഇല്ല. എനിക്ക് ഈ ഷോ ഒരു ഡിഫറൻറ് ചലഞ്ചിങ് എക്സ്പീരിയൻസ് ആയിരിക്കും എന്ന് തോന്നി. അതിനാലാണ് തിരഞ്ഞെടുത്തത്. മത്സരാർത്ഥികൾക്ക് പ്രോത്സാഹനം നൽകണം, ചിലപ്പോൾ ഇൻസ്ട്രക്ഷൻസ് നൽകണം ചിലപ്പോൾ അവരെ വഴക്കു പറയേണ്ടതായി വരും.

ഇതുവരെ ചെയ്ത ഷോകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. പലപ്പോഴും ചലഞ്ചസ് ഞാൻ ഏറ്റെടുക്കേണ്ടി വന്നു. പല ടാസ്‌കും ചെയ്യാൻ പെൺകുട്ടികൾ വിസമ്മതിച്ചു. അപ്പോൾ അവരുടെ ഭയം ഇല്ലാതാക്കാൻ ഞാൻ തന്നെ അതൊക്കെ ഏറ്റെടുത്തു.എനിക്ക് ഭയം ഇല്ലാത്തതു കൊണ്ടല്ല. പക്ഷെ ഒരു ഹോസ്റ്റ് എന്ന നിലയിൽ പരിപാടി നടത്തേണ്ടത് എന്റെ ചുമതല ആണലോ. എന്നാൽ എന്റെ ഭയങ്ങളെ ഇല്ലാതാക്കാൻ എനിക്ക് ഇതിലൂടെ സാധിച്ചു. ഒരു പൂച്ചയെ പോലും തൊടാത്ത ഞാൻ ഒരു പാമ്പിനെ ചുമലിൽ വെച്ചത് അതിനാലാണ്. മുപ്പതാം നിലയുടെ മുകളിൽ നിന്ന് കയറിൽ കൂടി നടന്നപ്പോൾ ആദ്യം ഭയം തോന്നി എന്നാൽ എന്റെ ഭയത്തെ മറികടന്നതിലും മറ്റുള്ളവർ അവരുടെ ഭയങ്ങളെ മറികടക്കുന്നതിലും അഭിമാനമാണ് തോന്നിയത്. ഇതൊരു ലേണിംഗ് ലൈഫ്ടൈം എക്സ്പീരിയൻസ് ആയി ഞാൻ കാണുന്നു. ആദ്യം ഷോയിൽ പങ്കെടുക്കുന്ന പെൺകുട്ടികളെ കണ്ടപ്പോൾ എനിക്ക് സംശയമായിരുന്നു ഇവർ ഇതൊക്കെ ചെയ്യുമോ എന്ന്.

എന്നാൽ വാശിയായിരുന്നു അവർക്ക്. പേടിയുണ്ടെങ്കിലും ടീം സ്പിരിറ്റും മറ്റുള്ളവരെക്കാൾ മികച്ചു പെർഫോം ചെയ്യാനും അവർക്ക് ദൃഢനിശ്ചയം ഉണ്ടായിരുന്നു. പെൺകുട്ടികളുടെ അത്രയൊന്നും വാശി ആൺകുട്ടികൾക്ക് ഇല്ല എന്ന് ഞാൻ മനസിലാക്കിയത് ഈ ഷോയിലൂടെയാണ്. ഈ പ്രോഗ്രാമിനെ കുറിച്ച് ഒരുപാടു നല്ല ഫീഡ്ബാക്കാണ് എനിക്ക് ലഭിക്കുന്നത് എന്നാൽ ചില നെഗറ്റീവ് കമ്മെന്റ്സ് വരാറുണ്ട്. എല്ലാവരെയും തൃപ്തിപെടുത്തി ഒന്നും ചെയ്യാൻ ആകില്ല. പെൺകുട്ടികൾക്ക് ഭയം ആകുന്നതുകൊണ്ടാണ് അവർ നിലവിളിക്കുന്നത്. ഒരു റോളർ കോസ്റ്ററിൽ കയറുമ്പോൾ നമ്മൾ ഒച്ചയെടുത്തു പോകുന്നത് പോലെയാണ് അവർക്കും സംഭവിക്കുന്നത്. നൂറ് ശതമാനം ആത്മാർത്ഥതയോടെയും ഒരുപാട് എഫോട്ടും നൽകിയാണ് ഞങ്ങൾ ഈ പ്രോഗ്രാം ചെയ്തിരിക്കുന്നത്. ധൂം പോലെയുള്ള ചിത്രങ്ങളുടെ സ്റ്റണ്ട് ടീമിനെ റെൻറ്റ് ചെയ്ത് വിദേശ രാജ്യങ്ങളിൽ പോയി ഒരുപാടു പണം ചിലവാക്കി അവതരിപ്പിക്കുന്ന ഒരു ഷോ ആണ് ഡെയർ ദി ഫിയർ.

ജിപി എന്ന നടന്റെ സിനിമ ജീവിതത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുക ? അവതാരകൻ എന്നത് പോലെ നടൻ എന്ന നിലയിൽ വിജയിച്ചു എന്ന് പറയാൻ സാധിക്കുമോ ?

എന്റെ സിനിമ ജീവിതം ഭാഗ്യം നിറഞ്ഞതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് . ആദ്യ സിനിമയായ അടയാളങ്ങൾ അഞ്ചു സംസ്ഥാന പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച പുതുമുഖ നടനുള്ള അവാർഡും എനിക്ക് ലഭിക്കുക ഉണ്ടായി. പിന്നീട് സുരേഷ് ഗോപി സാറിനോടൊപ്പം ഐജി എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം ചെയ്യാൻ സാധിച്ചു. ‘വർഷം’ എന്ന മമ്മൂക്ക സിനിമയുടെ ഭാഗമാകാൻ സാധിച്ചു. ‘മുപ്പത്തിരണ്ടാം അദ്ധ്യായം, ഇരുപ്പത്തിമൂന്നാം വാക്യം’ എന്ന ചിത്രത്തിലെ കഥാപാത്രം, ഒരു ആക്ടർ എന്ന നിലയിൽ ബെറ്റർ ആകാൻ എന്നെ സഹായിച്ചു. പ്രേതത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഷിബുകുട്ടൻ എന്ന റോൾ ചെയ്തു.ഇപ്പോൾ തമിഴിൽ നല്ലൊരു എൻട്രി കിട്ടുന്നു.

എന്നാൽ ഒരു ആക്ടർ എന്ന നിലയിൽ ഇനിയും ഞാൻ പ്രൂവ് ചെയ്തിട്ടില്ല എന്ന് കരുതുന്നു. സിനിമ ജീവിതം ആരംഭിച്ചതേയുള്ളു. ഒരു ദിവസം ആക്ടർ ജിപി അവതാരകൻ ജിപിയെ മറികടക്കും എന്ന് വിശ്വസിക്കുന്നു. ഐ ആം കോംപ്റ്റിറ്റിവ് വിത്ത് മൈസെൽഫ്. നടൻ, അവതാരകൻ എന്നതിൽ ഉപരിയായി ഞാനൊരു പെർഫോർമർ ആണെന്ന് വിശ്വസിക്കുന്നു. ഓഡിയൻസിനെ എന്റെർറ്റൈൻ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

‘അടയാളങ്ങൾ’, ‘മുപ്പത്തിരണ്ടാം അദ്ധ്യായം, ഇരുപ്പത്തിമൂന്നാം വാക്യം’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അപേക്ഷിച്ചു അഭിനയ പ്രാധാന്യം കുറഞ്ഞ ഷിബുകുട്ടൻ പോലെയുള്ള കഥാപാത്രത്തിലൂടെയാണല്ലോ താങ്കളെ പിന്നീട് കാണുന്നത് ? അതിന്റെ കാരണം എന്താണ് ?

ശരിയാണ്,അടയാളങ്ങൾ, മുപ്പത്തിരണ്ടാം അദ്ധ്യായം, ഇരുപ്പത്തിമൂന്നാം വാക്യം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അഭിനയപ്രാധാന്യം ഉള്ളതാണ്. എന്നാൽ അത്തരം കഥാപാത്രങ്ങൾ എത്രത്തോളം ജനങ്ങളിൽ എത്തി എന്നത് സംശയമാണ്. അതുകൊണ്ടു തന്നെ പെർഫോമൻസ് ഓറിയന്റഡ് റോൾസ് തത്കാലം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. സിനിമയിൽ വിജയിച്ചതിന് ശേഷം അത്തരം എക്സ്പിരിമെന്റൽ റോൾസ് ചെയ്യാം എന്ന് കരുതുന്നു. അധികം പെർഫോമൻസ് ഇല്ലാത്ത പ്രേതം പോലുള്ള ചിത്രങ്ങളാണ് ഈ സ്റ്റേജിൽ നല്ലതെന്നു എനിക്ക് തോന്നുന്നു. കൂടുതൽ ആളുകളിലേക്ക് എത്തണം എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. സ്റ്റാർ പടങ്ങളിൽ പെർഫോമൻസ് ഓറിയന്റഡ് റോൾ വന്നാൽ ചെയ്യുന്നതായിരിക്കും.

താങ്കളുടെ ആരാധകർ കൂടുതലും പെൺകുട്ടികൾ ആണല്ലോ, അതൊരു ക്രെഡിറ്റ് ആയി തോന്നിയിട്ടുണ്ടോ ? ആൺകുട്ടികളുടെ താങ്കളോടുള്ള മനോഭാവത്തെ എങ്ങനെ നോക്കിക്കാണുന്നു ?

ഞാൻ മനസിലാക്കുന്നത് ഓരോന്നിനും ഓരോ ഓഡിയൻസ് ആണ് ഉള്ളത് എന്നാണ്. ടീവി കൂടുതലും കാണുന്നത് പെൺകുട്ടികളാണ്. അതുകൊണ്ടാകാം പെൺകുട്ടികളുടെ സ്നേഹം കൂടുതലായി ലഭിക്കുന്നത്. ബോയ്സ് കൂടുതലും സിനിമയാണ് കാണുന്നത്.ഞാനും അങ്ങനെ തന്നെ ആയിരുന്നു. എനിക്ക് ടി വി അവതാരകരെ അറിയില്ലായിരുന്നു. ട്രോളുകളിലൂടെ മാത്രം അറിഞ്ഞു ഒരു പ്രോഗ്രാം പോലും കാണാതെ എന്തൊരു വെറുപ്പിക്കൽ ആണ് ഇവരൊക്കെ എന്ന് ഞാനും കരുതുമായിരുന്നു. അതുകൊണ്ടു ഞാൻ ബോയ്സിനെ ഒരിക്കലും കുറ്റം പറയില്ല.

ബോയ്സ് കാണുന്ന സിനിമകളിൽ അത്രയധികം കോൺട്രിബൂഷൻ എന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എന്നാലും ആൺകുട്ടികളിൽ നിന്നും എനിക്ക് നല്ല ഊഷ്മള സ്നേഹം കിട്ടാറുണ്ട്. അവർ കൂടുതലും എന്നെ ഷിബുകുട്ടനായാണ് കാണുന്നത്.എന്നാൽ പെൺകുട്ടികൾ അവതാരകനായ എന്നെയാണ് കൂടുതൽ അറിയുന്നത്. പണ്ട് മുതലേ പെണ്കുട്ടികളായിട്ടും ഞാൻ കംഫർട്ടിബിൾ ആണ്. എനിക്ക് അവരുമായും റിലേറ്റ് ചെയ്യാൻ സാധിക്കാറുണ്ട്.പെൺകുട്ടികളുടെ സ്നേഹത്തെ ബഹുമാനിക്കുന്നു. എന്നാൽ അതൊരു വലിയ ക്രെഡിറ്റായി ഞാൻ കാണുന്നില്ല. ഞാൻ പ്രേക്ഷകരെ തരംതിരിച്ചു കാണാറില്ല. കൂടുതൽ പ്രേക്ഷകരുമായി എനിക്ക് കണക്റ്റഡ് ആകണം, അത്രമാത്രം. ആൺകുട്ടികളായാലും പെൺകുട്ടികളായാലും എല്ലാവരുമായും സംവദിക്കാൻ കഴിയണം. പ്രേക്ഷകർക്ക് സന്തോഷം നല്കാൻ എനിക്ക് സാധിക്കുന്നു എങ്കിൽ അതിലാണ് ഞാൻ എന്റെ ആനന്ദം കണ്ടെത്തുന്നത്.