ഗോഡ്ഫാദറും അഞ്ഞൂറാനും എങ്ങനെ പിറന്നു; പേരുകള്‍ക്ക് പിന്നിലെ കഥ പറഞ്ഞ് സംവിധായകന്‍

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രവും കഥാപാത്രവുമാണ് ഗോഡ്ഫാദറും അതിലെ ഗോഡ്ഫാദര്‍ അഞ്ഞൂറാനും. എന്‍.എന്‍. പിള്ള എന്ന നാടകാചാര്യന് സിനിമയില്‍ ഏറ്റവും അധികം സ്വീകാര്യത നല്‍കിയ ചിത്രം. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ മൂന്നാമത്തെ ഹിറ്റ് ചിത്രത്തിന് എങ്ങനെ ആ പേര് വന്നു എന്നത് കൗതുകമുള്ള കഥയാണ്.

ശരിക്കും ഗോഡ്ഫാദര്‍ സിനിമ അഞ്ഞൂറാന്റെയും മക്കളുടെയും കഥയാണ്. സിനിമയുടെ കേന്ദ്രകഥാപാത്രം അഞ്ഞൂറാന്‍ തന്നെയാണ്. എന്നിട്ടും ആ പേര് സിനിമയ്ക്ക് നല്‍കിയില്ല. പകരം ഗോഡ്ഫാദര്‍ എന്ന പേരാണ് നല്‍കിയത്.

അതിനുള്ള കാരണം സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടിന് ഇംഗ്ലീഷ് ടൈറ്റിലുകളോട് വലിയ പ്രിയമാണ് എന്നതാണ്. എന്‍.എന്‍. പിള്ളയോട് കഥ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹവും നിര്‍ദ്ദേശിച്ചത് അഞ്ഞൂറാന് പകരം ഗോഡ്ഫാദര്‍ എന്ന പേരാണ്. അങ്ങനെ സിനിമയ്ക്ക് ഗോഡ്ഫാദര്‍ എന്ന പേര് വീണു.

ഇനി അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിന് ആ പേര് കിട്ടിയതിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ. ശരിക്കും പറഞ്ഞാല്‍ ഹരിഹര്‍ നഗര്‍ സിനിമയ്ക്ക് മുന്നെ സംഭവിക്കേണ്ടതായിരുന്നു ഗോഡ്ഫാദര്‍. എന്നാല്‍, തിരക്കഥ അപൂര്‍ണമാണെന്ന തോന്നലിലാണ് അത് മാറ്റിവെച്ചത്.

തിരക്കഥ എഴുതാനിരിക്കുമ്പോള്‍ ശബ്ദതാരാവലി ഒപ്പമെടുക്കുന്ന ശീലം സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖിനുണ്ട്. അങ്ങനെ ശബ്ദതാരാവലിയില്‍ അഞ്ഞൂറ്റിക്കാര്‍ എന്ന വാക്കില്‍ കണ്ണുടക്കി. തോമാസ്ലീഹ കേരളത്തില്‍ എത്തി അഞ്ചൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കിയിരുന്നു. ഇവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്.

തിരക്കഥ എഴുതിയപ്പോള്‍ ഈ വാക്ക് തിരക്കഥയിലേക്ക് ഉള്‍ക്കൊള്ളിച്ചു. പിന്നീട് അതിന് രൂപാന്തരം സംഭവിച്ച് അഞ്ഞൂറാന്‍ ആകുകയായിരുന്നു.

1991 നവംബര്‍ 15ന് പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. അതിലെ കഥാപാത്രങ്ങള്‍ അഞ്ഞൂറാന്‍ മക്കളായ ബലരാമന്‍, പ്രേമചന്ദ്രന്‍, സ്വാമിനാഥന്‍, രാമഭദ്രന്‍, ആനപ്പാറയിലെ അച്ചാമ്മയും മക്കളും എല്ലാം നമ്മുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.

കടപ്പാട് മാതൃഭൂമി