ഷെയ്ന്‍ മുടിയല്ലേ വെട്ടിയത്, തലയൊന്നും അല്ലല്ലോ: പിന്തുണയുമായി സംവിധായകന്‍

ഷെയ്ന്‍- ജോബി ജോര്‍ജ് വിവാദത്തില്‍ പ്രതികരിച്ച് “ഖുര്‍ബാനി” സംവിധായകന്‍ ജിയോ വി. ഷെയ്ന്‍ മുടിയല്ലേ വെട്ടിയതെന്നും തലയൊന്നും അല്ലല്ലോ എന്നുമാണ് സംവിധായകന്‍ ചോദിക്കുന്നത്. ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ സിനിമയ്ക്കിടയില്‍ ഷെയ്ന്‍ ഖുര്‍ബാനിയില്‍ അഭിനയിക്കാന്‍ പോയതും കാരാര്‍ ലംഘിച്ച് മുടി മുറിച്ചതുമാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്.

“വെയില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ഷെയ്ന്‍ നിഗത്തിന്റെ പ്ലസ് ടു കാലഘട്ടം ഷൂട്ട് ചെയ്യാനുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചെറിയ പ്രായത്തിലുള്ള ലുക്ക് വന്നാല്‍ കുഴപ്പമില്ലല്ലോ എന്ന് കരുതി. അതിലേക്കുള്ള ചെറിയ മുടിവെട്ടലാണ് ഞങ്ങള്‍ നടത്തിയത്. അവരുടേത് അടുത്തമാസം 15നാണ് ഇനി ഷൂട്ട്. ഒരുമാസമുണ്ടല്ലോ.”

“മുടിയല്ലേ, തലയൊന്നുമല്ലലോ വെട്ടിയത്. മുടി ഒരു മാസം കൊണ്ട് വളരുമല്ലോ. ഈ മാസം പതിനഞ്ചിനായിരുന്നു ഷൂട്ട് എന്ന് അവര്‍ പറഞ്ഞത് ശരിയല്ല. അടുത്ത മാസം 15ന് ആയിരുന്നു ഇനി അവരുടെ ഷൂട്ട് പറഞ്ഞിട്ടുള്ളത്. ഷെയ്ന്‍ ജെല്ലൊക്കെ പുരട്ടിയുള്ള ചിത്രം അവര്‍ കണ്ടതാണ് പ്രശ്‌നമായത്. അത്രയൊന്നും മുടി വെട്ടിയിട്ടില്ല.” സമയവുമായുള്ള അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.