സംവിധായകന്റെ തീരുമാനത്തെ എതിര്‍ത്താണ് ആ സിനിമ ചെയ്തത്, മോഹന്‍ലാലിന്റെ സിനിമ കാണാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്: സലിം കുമാര്‍

സംവിധായകന്‍ സലിം അഹമ്മദിന്റെ നിര്‍ദേശത്തെ എതിര്‍ത്താണ് ആദാമിന്റെ മകന്‍ അബു സിനിമ ചെയ്തതെന്ന് നടന്‍ സലിം കുമാര്‍. നടനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമയാണ് ആദാമിന്റെ മകന്‍ അബു. സിനിമ ചെയ്യുന്നതിന് മുമ്പ് മോഹന്‍ലാലിന്റെ സിനിമ കാണാനാണ് തന്നോട് ആവശ്യപ്പെട്ടത് എന്നാണ് താരം പറയുന്നത്.

സലിം അഹമ്മദ് പറഞ്ഞ കഥ തനിക്കിഷ്ടമായി. അന്ന് അവാര്‍ഡ് കിട്ടുമെന്ന വിചാരം ഒന്നുമുണ്ടായിരുന്നില്ല. ഏത് തല്ലിപ്പൊളി വേഷം ചെയ്യുമ്പോളും അവാര്‍ഡുകളെ കുറിച്ച് ”എങ്ങാനും ബിരിയാണി കിട്ടിയാലോ” എന്നൊരു ചിന്തയുമുണ്ട്. അത് സര്‍വസാധാരണവുമാണ്.

ഈ പടം ശ്രദ്ധിക്കപ്പെടും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ സലിം അഹമ്മദ് കഥയില്‍ ഒരു ചെറിയ ചേഞ്ച് ഒക്കെ വരുത്തിയിട്ടുണ്ട് എന്നു പറഞ്ഞു. ആദ്യം ആ സിനിമയില്‍ പ്ലാവിന്റെ തൈ നടുന്ന രംഗം ഉണ്ടായിരുന്നില്ല. അത് രണ്ടാമതാണ് തന്നോടു പറയുന്നത്.

ആദാമിന്റെ മകന്‍ ഹജ്ജിന് പോകുന്നതൊന്നുമല്ല, ഒരു പ്ലാവ് വെട്ടിയിടത്ത് ഒരു പ്ലാവിന്‍ തൈ നട്ടു നനക്കുന്ന ഒറ്റ ഷോട്ടില്‍ ആണ് ഈ സിനിമയുടെ രാഷ്ട്രീയം നില്‍ക്കുന്നത്. ബാക്കിയുള്ളത് ഒരു സാധാരണ കഥയാണ്. ഹജ്ജിന് പോകാന്‍ പറ്റാത്ത ഒരാളുടെ വിഷമങ്ങള്‍, വ്യാകുലതകള്‍, അതൊക്കെ ചേര്‍ന്ന ഒരു സാധാരണ പടമാണ്.

പണമില്ലായ്മയുടെ കഥയാണ്. പക്ഷേ അതിനപ്പുറവും ഒരു രാഷ്ട്രീയമുള്ള ഇത്തരം ചിത്രങ്ങളാണ് ശ്രദ്ധിക്കപ്പെടേണ്ടത് എന്നു താന്‍ പറഞ്ഞു. ‘ആദാമിന്റെ മകന്‍’ ചെയ്യുമ്പോള്‍ സലിം അഹമ്മദ് തന്നോടു ‘പരദേശി’ സിനിമയിലെ മോഹന്‍ലാലിനെ ഒന്നു കണ്ടോളൂ എന്നു പറഞ്ഞു. താന്‍ കണ്ടില്ല.

Read more

സംവിധായകന്റെ തീരുമാനത്തെ എതിര്‍ത്തിട്ടാണ് സിനിമ ചെയ്തത്. കണ്ടു കഴിഞ്ഞാല്‍ താന്‍ മോഹന്‍ലാലിനെ ഇമിറ്റേറ്റ് ചെയ്യും എന്ന കാര്യം ഉറപ്പാണ്. അദ്ദേഹം മഹാനായ നടനാണ്. താന്‍ അനുകരിക്കും. അതുകൊണ്ട് കണ്ടില്ല. അതായിരിക്കാം തന്റെ വിജയം എന്നാണ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.