പൈസ ഉണ്ടാക്കാന്‍ വേറൊരു പ്രൊഫഷന്‍ കണ്ടെത്തണം, എന്നിട്ട് സിനിമയില്‍ ശ്രമിക്കുക; കാരണം തുറന്നുപറഞ്ഞ് ഒമര്‍ലുലു

സിനിമയെ ഗൗരവമായി കാണുന്നതിനു പകരമായി അതില്‍ നിന്ന് പണം സമ്പാദിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. നല്ല സിനിമ ചെയ്ത ഒരുപാട് ഡയരക്ടര്‍മാരുണ്ട്. ലോഹിതാദാസ് സാറുണ്ട്, പദ്മരാജന്‍ സാറുണ്ട്. അങ്ങനെ ഒരുപാട് വലിയ സംവിധായകരുണ്ട്. ഇവരുടെയൊക്കെ കുടുംബത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?’നല്ല സിനിമ ചെയ്തു എന്ന് പറഞ്ഞ് അവരുടെ കുടുംബത്തിന്റെ അവസ്ഥ ആരെങ്കിലും അന്വേഷിക്കാന്‍ പോയിട്ടുണ്ടോ. അവാര്‍ഡ് പുഴുങ്ങിയാല്‍ ചോറാവില്ല,’ ഒമര്‍ ലുലു പറഞ്ഞു.

സിനിമാമോഹികള്‍ പണമുണ്ടാക്കാന്‍ ആദ്യം മറ്റൊരു പ്രൊഫഷന്‍ കണ്ടെത്തുന്നതാണ് ഉചിതമെന്നും ഒമര്‍ ലുലു പറഞ്ഞു. ഇന്ന് സിനിമയിലെ മുന്‍ നിരയിലുള്ള യുവതാരങ്ങളില്‍ മിക്കവരും സാമ്പത്തികമായ ഉയര്‍ന്ന നിലയിലുള്ളവരാണെന്നും ഒമര്‍ പറയുന്നു. ‘പൈസയുണ്ടാക്കാന്‍ വേറൊരു പ്രൊഫഷന്‍ കണ്ടെത്തണം.

എന്നിട്ട് സിനിമയില്‍ ശ്രമിക്കുക. കാരണം സിനിമയ്ക്ക് വേണ്ടി മാത്രം നടന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ നമ്മള്‍ എവിടെയും എത്തണമെന്നില്ല. അല്ലെങ്കില്‍ നമ്മുടെ വീട്ടുകാരുടെ അടുത്ത് അത്രയും സാമ്പത്തികം വേണം ടൊവിനോ അത്യാവശ്യം നല്ലാെരു ഫാമിലിയില്‍ നിന്നാണ്. നിവിനാണെങ്കിലും അത്യാവശ്യം ബാക്ക് അപ്പുള്ള വീട്ടില്‍ നിന്നാണ്. ആസിഫലിയും. അങ്ങനെ അല്ലാതെ വന്നത് ആന്റണി വര്‍ഗീസാണെന്ന് തോന്നുന്നു. അത് ലിജോ ജോസ് പല്ലിശേരിയുമായുള്ള കണക്ഷനില്‍ നിന്നാണ്’.ഒമര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ഒമര്‍ ലുലു മറുപടി നല്‍കി. രാഷ്ട്രീയത്തില്‍ കൈക്കൂലി പോലെ സിനിമയില്‍ ഇതൊക്കെ ഉണ്ടാവാം, ഇല്ലാതിരിക്കാം. നമ്മള്‍ തീരുമാനിക്കണം. എനിക്ക് അങ്ങനെ അവസരം വേണ്ട കഴിവ് കൊണ്ട് കയറാം എന്ന്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.