ട്രാന്‍സ് എന്ന പേര് അപരിചിതമാണെങ്കിലും ഇതിലെ കഥാപാത്രം നമുക്ക് സുപരിചിതനാണ്: ഫഹദ് ഫാസില്‍ പറയുന്നു

അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രമാണ് ട്രാന്‍സ്. ഒരു മോട്ടിവേഷണല്‍ ട്രെയിനറായിട്ടാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. ട്രാന്‍സ് എന്ന പേരും ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഏറെ ആകാംക്ഷയും സംശയങ്ങളുമാണ് പ്രേക്ഷകരില്‍ ഉയര്‍ത്തുന്നത്. ചിത്രം സത്യത്തില്‍ എന്താണെന്നുള്ളതിലെ വ്യക്തമില്ലായ്മയും അതിന്റെ രഹസ്യ സ്വഭാവവുമാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ട്രാന്‍സ് എന്ന പേര് അപരിചിതമാണെങ്കിലും ഇതിലെ കഥാപാത്രം നമുക്ക് സുപരിചിതമാണെന്നാണ് ഫഹദ് പറയുന്നത്.

“ട്രാന്‍സ് എന്നത് സിനിമയിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സംഗീതം, മതം, മയക്കുമരുന്ന് അങ്ങനെ പലതിലും ഉണ്ടാകുന്ന അഡിക്ഷനിലൂടെ ആ അവസ്ഥയിലേക്ക് എത്തിച്ചേരാം. ട്രാന്‍സിലെ എന്റെ കഥാപാത്രത്തിന് അത്തരമൊരു അഡിക്ഷനുണ്ട്. ആ അവസ്ഥയെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. അത് എന്താണെന്ന് സിനിമ കാണുമ്പോല്‍ മനസിലാകും. ട്രാന്്‌സ് എന്ന പേര് മലയാളികള്‍ക്ക് അപരിചിതമാണെങ്കിലും ഇതിലെ കഥാപാത്രവും അദ്ദേഹത്തിന്റെ ജീവിതാവസ്ഥയും നമുക്ക് ഏറെ പരിചയമുള്ള ഒന്നാണ്.” സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലുമായുള്ള അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. ഛായാഗ്രഹണം അമല്‍ നീരദ്. ഫെബ്രുവരി 14 ന് ചിത്രം തിയേറ്ററുകളിലെത്തും.