'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

വിവാദങ്ങൾ ഒഴിയാതെ താരസംഘടനയായ അമ്മ. അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബു രംഗത്തെത്തി. താരങ്ങൾ ഓരോരുത്തരായി പരസ്യമായി പ്രതികരിച്ചതോടെയാണ് പൊന്നമ്മ ബാബു രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴുള്ളവർ തുടർന്നാൽ പ്രശ്നങ്ങൾ കൂടുതൽ വഷളാകുമെന്നും പൊന്നമ്മ ബാബു പറഞ്ഞു

പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണെന്ന് പറഞ്ഞ പൊന്നമ്മ ബാബു ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നതെന്നും കുറ്റപ്പെടുത്തി. സ്ത്രീകൾ നേതൃനിരയിൽ വന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സനും നീന കുറുപ്പും നടൻ ടിനി ടോമിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ‘അമ്മ’യിൽ അസ്വരാസ്യങ്ങൾ വീണ്ടും ഉടലെടുത്തത്.

ടിനി ടോമിനെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇന്നലെയാണ് ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ ഹസ്സൻ രംഗത്തെത്തിയത്. അമ്മ സംഘടനയിലെ തന്റെ രാജിക്ക് കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്ന് അൻസിബ പറഞ്ഞു. ടിനി ടോം തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് പറഞ്ഞ് പരത്തിയെന്നും ജിഹാദി എന്ന് വിളിച്ചു അധിക്ഷേപിച്ചുവെന്നും അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. ടിനി ടോം തന്നേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നും സംഘടനയ്ക്ക് നൽകിയ പരാതിയിൽ നീനാ കുറുപ്പ് പറയുന്നു. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു.

Read more

അതേസമയം സംഭവത്തിൽ അമ്മ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പാണെന്ന് ലക്ഷ്മിപ്രിയ കുറ്റപ്പെടുത്തി. അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അൻസിബക്കെതിരെ വ്യാജ പൊലീസിൽ പരാതി കൊടുത്തു എന്ന് പറഞ്ഞ എക്സിക്യൂട്ടീവ് അംഗം താനാണെന്നും ലക്ഷ്മിപ്രിയ പറയുന്നു. മതതീവ്രവാദിയാക്കി, ജിഹാദി എന്ന് വിളിച്ചു എന്നത് സംബന്ധിച്ച വിഷയവുമായോ ഇതിന് ബന്ധമില്ല എന്നും ഇപ്പോഴുള്ള ആരോപണങ്ങൾക്ക് എല്ലാം പിന്നിൽ നീന കുറുപ്പാണെന്നും പറഞ്ഞ ലക്ഷ്മിപ്രിയ ജനറൽ സെക്രട്ടറിയും നീന കുറപ്പുമാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നും പറഞ്ഞു.