അവനൊരു കൊച്ചുകുട്ടിയാണ്, ഉപേക്ഷിക്കാന്‍ കഴിയില്ല: ഇടവേള ബാബു

ഷെയ്ന്‍ നിഗം നല്ല ഭാവിയുള്ള നടനാണെന്നും പ്രശ്‌നങ്ങള്‍ രമ്യമായി തന്നെ പരിഹരിക്കുമെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. ആര് ജയിക്കുന്നു ആര് തോല്‍ക്കുന്നു എന്നതല്ല കാര്യമെന്നും ഇരുവര്‍ക്കും ദോഷകരമല്ലാത്ത രീതിയില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

“അമ്മ സംഘടന എന്തു നിര്‍ദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേര്‍സ് അസോസിയേഷന്റെ സൗകര്യം നോക്കി ഇക്കാര്യം വീണ്ടും അവരുമായും ചര്‍ച്ച നടത്തും. ആര് ജയിക്കുന്നു ആര് തോല്‍ക്കുന്നു എന്നതല്ല, ഇരുവര്‍ക്കും രമ്യമായ രീതിയില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം തീര്‍ക്കും. വിലക്കൊന്നും ഉണ്ടാകില്ല. മുടങ്ങിപ്പോയ മൂന്ന് സിനിമകളും തീര്‍ക്കും. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും, ഉപേക്ഷിക്കാന്‍ കഴിയില്ല.” ഇടവേള ബാബു പറഞ്ഞു.

Read more

ഇന്നലെ അമ്മ നിര്‍വാഹക സമിതി യോഗത്തില്‍ ഷെയ്ന്‍ നിഗത്തെയും വിളിച്ചു വരുത്തിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍ത്തിവച്ച ഷെയ്ന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നുമാണ് “അമ്മ” എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായത്.