സിനിമയില്‍ വന്നപ്പോള്‍ എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു: ദുല്‍ഖര്‍

മലയാളത്തിലെയോ തമിഴിലെയോ സൂപ്പര്‍ഹിറ്റ് സംവിധായകര്‍ക്കൊപ്പം താരപുത്രന്റെ നായക അരങ്ങേറ്റം പ്രതീക്ഷിച്ചിരുന്നവരുടെ പ്രതീക്ഷകള്‍ തെറ്റിച്ചായിരുന്നു ദുല്‍ഖറിന്‍രെ സിനിമാ പ്രവേശം. പുതുമയുള്ള ഒരു പരീക്ഷണത്തിനായി കൈകോര്‍ത്ത പുതിനിരയ്‌ക്കൊപ്പം അവരിലൊരാളായി ദുല്‍ഖര്‍ സല്‍മാന്‍ ക്യാമറയ്ക്ക് മുന്നിലെത്തി. ഇന്ന് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രങ്ങള്‍ ചെയ്ത് മെഗാസ്റ്റാറിന് അഭിമാനി നീങ്ങുകയാണ് ദുല്‍ഖര്‍. സിനിമയില്‍ വരുന്നതിന് മുമ്പ് തനിക്ക് സ്റ്റേജില്‍ കയാറന്‍ പോലും മടിയായിരുന്നെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

‘സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. എന്റെ ബാല്യകാലത്തും കൗമാരകാലത്തും ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു. സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു. അഥവാ കയറിയാല്‍ ശബ്ദം പുറത്തേക്ക് വരില്ല. മുംബൈയില്‍ അഭിനയ പഠനത്തിന്റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്. അതൊരു വലിയ അനുഭവമായിരുന്നു.’ ഇന്ത്യാ ടുഡെയുമായുള്ള അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.

ബോളിവുഡ് ചിത്രം സോയാ ഫാക്ട്‌റാണ് തിയേറ്ററുകളിലെത്തിയ പുതിയ ദുല്‍ഖര്‍ ചിത്രം. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോനം കപൂര്‍ ആണ് നായിക. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദ സോയ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്. 2008ല്‍ പ്രസിദ്ധീകരിച്ച അനുജാ ചൗഹാന്‍ രചിച്ച ‘ദി സോയാ ഫാക്റ്റര്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.