‘എക്കാലത്തെയും വലിയ സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു.., യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതിന് നന്ദി’; ദുല്‍ഖറിനോട് റോഷന്‍ ആന്‍ഡ്രൂസ്

Advertisement

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ചിത്രം പൂര്‍ത്തിയായി. ചിത്രം പാക്കപ്പ് ആയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍. ദുല്‍ഖറിനൊപ്പം ഒരു സിനിമ ചെയ്യുക എന്ന ആഗ്രഹം യഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതിന് നടന് നന്ദി പറഞ്ഞു കൊണ്ടാണ് റോഷന്‍ ആന്‍ഡ്യൂസിന്റെ കുറിപ്പ്. നായക കഥാപാത്രം അരവിന്ദ് കരുണാകരനെ വിചാരിച്ചതിലും അധികം ദുല്‍ഖര്‍ ഭംഗിയാക്കിയതായും സംവിധായകന്‍ പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്:

ഡിക്യു.. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നമ്മള്‍ അദ്ദേഹത്തെ അങ്ങനെ വിളിക്കും. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്നായ താങ്കളോടൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നന്ദി അറിയിക്കുന്നു. നമ്മളൊന്നിച്ച് ചെലവഴിച്ച ഓരോ ദിവസങ്ങളിലും താങ്കള്‍ മികച്ചൊരു മനുഷ്യനാണെന്നും ആ ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നത് എന്നും ഞാന്‍ തിരിച്ചറിഞ്ഞു.

എന്റെ എല്ലാ സഹപ്രവര്‍ത്തകരായ സംവിധായകരോടും ഞാന്‍ പറയും, ദുല്‍ഖര്‍ സല്‍മാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറില്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത അനുഭവമാണെന്ന്. അതിന് പുറമെ, എനിക്ക് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ച ഏറ്റവും മികച്ച പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നാണ് താങ്കളുടേത്.

മികച്ച പ്രൊഡക്ഷന്‍ ടീമുകളിലൊന്ന്, മികച്ച അഭിനേതാക്കള്‍, മനുഷ്യര്‍, എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ നേടിയ മികച്ച സുഹൃത്തുക്കള്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം നിങ്ങള്‍ എനിക്ക് നല്‍കി. അരവിന്ദ് കരുണാകരനെ ഞങ്ങള്‍ സങ്കല്‍പ്പിച്ചതിലും അപ്പുറത്തേക്ക് ഉത്കൃഷ്ഠമാക്കിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

കൊറോണയുടെ കാലഘട്ടത്തില്‍ പോലും, ഷെഡ്യൂളിന് മുമ്പായി ഈ പ്രൊജക്റ്റ് തീര്‍ക്കാന്‍ ഞങ്ങളെ സഹായിച്ച അവിശ്വസനീയമായ ടീം വര്‍ക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. വേഫെയര്‍ ടീമിന്റെയും നമ്മള്‍ ഓരോരുത്തരുടെയും കഠിനാദ്ധ്വാനമാണ് ഇത് സാദ്ധ്യമാക്കിയത്. മനോജേട്ടാ എന്ത് സംഭവിച്ചാലും എനിക്കൊപ്പം നില്‍ക്കുന്ന ജ്യേഷ്ഠനെ പോലെയാണ് താങ്കളെനിക്ക്.

ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഓരോ അഭിനേതാക്കളോടും, എന്റെ ടെക്‌നീഷ്യന്മാരോടും, എന്റെ എല്ലാമായ ബോബി സഞ്ജയ്, ഈ സ്വപ്നം സഫലമാക്കിയതിന് നിങ്ങളോരോരുത്തരെയും ഞാന്‍ സല്യൂട്ട് ചെയ്യുന്നു.