അജിത്ത് സാറിനെ ഒരുപാട് ഇഷ്ടമാണ്, കുറേ ബൈക്കുകള്‍ ഞാനും വാങ്ങി വെച്ചിട്ടുണ്ട്, എന്നാല്‍...: ദുല്‍ഖര്‍

നടന്‍ അജിത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. അജിത്തിനെ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തെ പോലെ താനും റൈഡര്‍ ലൈഫ് ഇഷ്ടപ്പെടുന്നയാളാണ് എന്നതു കൊണ്ടാണെന്ന് ദുല്‍ഖര്‍ ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ സ്‌റ്റൈലും ജീവിതവും തനിക്ക് ഒരുപാട് ഇഷ്ടമാണ്. വലിമൈ കാണാന്‍ സാധിച്ചിട്ടില്ല. ഉടന്‍ കാണണം. പിന്നെ അജിത്ത് സാറിനെ താന്‍ ഇഷ്ടപ്പെടാന്‍ കാരണം അദ്ദേഹത്തെ പോലെ താനും റൈഡര്‍ ലൈഫ് ഇഷ്ടപ്പെടുന്ന ആളാണ് എന്നതാണ്.

അദ്ദേഹം തിരക്കുള്ള ജീവിതത്തിനിടയിലും സമയം കണ്ടെത്തി യാത്രകള്‍ ചെയ്യാറുണ്ട്. തനിക്കും അദ്ദേഹത്തെ പോലെ സോളോ റൈഡ് താല്‍പ്പര്യമുണ്ട്. അത്തരം യാത്രകള്‍ സ്വപ്നം കാണാറുമുണ്ട്. പക്ഷെ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സമയം കണ്ടെത്താറില്ല എന്നതാണ് സത്യം.

കുറേ ബൈക്കുകളും താന്‍ വാങ്ങി വച്ചിട്ടുണ്ട്. ഷൂട്ടിംഗ് ബ്രേക്ക് ലഭിക്കുമ്പോള്‍ വീട്ടില്‍ പോയി കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അജിത്തിന്റെ റൈഡിംഗിനോടുള്ള കമ്പം സിനിമയില്‍ പരസ്യമാണ്.

വലിമൈ സിനിമയിലും ബൈക്ക് സ്റ്റണ്ടിംഗ് സീനുകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗിനിടെ താരത്തിന് അപടകങ്ങള്‍ സംഭവിച്ചെങ്കിലും പെട്ടെന്ന് തന്നെ ഷൂട്ടിന് അജിത്ത് തയാറായിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഹേ സിനാമികയാണ് ദുല്‍ഖറിന്റെതായി തിയേറ്ററില്‍ എത്തിയ പുതിയ ചിത്രം.

ഡാന്‍സ് കൊറിയോഗ്രാഫര്‍ ആയിരുന്ന ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തിനൊപ്പം റിലീസിനെത്തിയതിനാല്‍ ചിത്രത്തെ കുറിച്ച് ചര്‍ച്ചകളാണ് നടന്നിരുന്നു. ആദ്യമായാണ് ദുല്‍ഖറിന്റേയും മമ്മൂട്ടിയുടേയും സിനിമ ഒരുമിച്ച് ഒരേ ദിവസം തിയേറ്ററുകളിലെത്തിയത്.