എനിക്കൊരു കൂട്ട് തരാന്‍ വേണ്ടി മാത്രം  നീ വന്നു,  ഒറ്റപ്പെടാതിരിക്കാന്‍ എപ്പോഴും എന്നെ ശ്രദ്ധിച്ചു; കൂട്ടുകാരന് ജന്മദിനാശംസകളുമായി ദുല്‍ഖര്‍

നടനും സംഗീതഞ്ജനുമായ ശേഖര്‍ മേനോന്റെ ജന്മദിനത്തില്‍ ഹൃദയസ്പർശിയായ  കുറിപ്പ് പങ്കുവെച്ച്  നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ശേഖര്‍ മേനോന്‍ എന്ന സുഹൃത്തിന് തന്റെ ജീവിതത്തില്‍ എത്രമാത്രം സ്ഥാനമുണ്ടെന്ന് എടുത്തു പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറിപ്പെഴുതിയിരിക്കുന്നത്.

‘ശേഖര്‍ മേനോനെ പല പേരുകളിട്ട് വിളിച്ചുകൊണ്ടാണ് കുറിപ്പിന്റെ തുടക്കം. ഷേഖ്‌സ്, ഷേഖ് നൈറ്റ്, കാസര്‍ഗോഡ് ശേഖര്‍ നൈറ്റ്, ഷേക്കു ഇപ്പോള്‍ പിന്നെ ഷേക്കു മാമയും.  സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു.

ബര്‍ഗര്‍ ഷെഫ്, അള്‍ട്ടിമേറ്റ് റോഡ് ട്രിപ് കോ ഡ്രൈവര്‍, മാസ്മരിക ഡി.ജെ, മ്യൂസിക് ഗുരു, സിനിമാപ്രേമി, എന്റെ കുടുംബത്തിലെ എല്ലാവരുടെയും സുഹൃത്ത് – എന്തെല്ലാം റോളുകളാണ് നീ വഹിച്ചുകൊണ്ടിരിക്കുന്നത്.

നിന്റെ ടെഡി ബിയര്‍ രൂപവും ഭാവവും മികച്ച സ്റ്റൈലും പിന്നെ ആരുടെയും ഹൃദയം കവരുന്ന ആ ചിരിയും.
എനിക്ക് ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ടാകാതിരിക്കാന്‍ നീ എപ്പോഴും ശ്രദ്ധിച്ചു. എനിക്ക് ഒരു കൂട്ട് തരാന്‍ വേണ്ടി മാത്രം നീ എത്രയോ ഷൂട്ടുകളില്‍ വന്നിരിക്കുന്നു.  ഔട്ട് ഡോര്‍ ലൊക്കേഷനുകളില്‍ നിന്ന് വീട്ടിലേക്കും ജോലിക്കുമൊക്കെ നീ  വണ്ടിയോടിച്ചു പോയ് വന്നുകൊണ്ടിരുന്നു. ഇതൊന്നും ഞാന്‍ ശ്രദ്ധിക്കാതിരുന്നിട്ടില്ല.

പിന്നെ എപ്പോഴത്തേയും പോലെ ഈ ജന്മദിനത്തിന്റെ തലേന്നാളും നീ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.  ആ തിയതി ശ്രദ്ധിക്കാന്‍ ഞങ്ങള്‍ വിട്ടും പോയി. പിന്നെ ഞങ്ങള്‍ക്ക് ഓര്‍മ വന്നപ്പോഴേക്കും നീ പോയിരുന്നു. എല്ലാ വര്‍ഷവും ഇതു തന്നെ കഥ.

പക്ഷെ നീ പറഞ്ഞതു പോലെ നമ്മള്‍ ഇങ്ങനെ തുടരുന്നത് തന്നെയാണല്ലോ പ്രധാനപ്പെട്ട കാര്യം,’