പോക്കിരിരാജയില്‍ ഇല്ലാത്ത പലതും മധുരരാജയിലുണ്ട്, പുലിമുരുകന്‍ ഇഷ്ടമായവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകും: വൈശാഖ്

മമ്മൂട്ടി ചിത്രം മധുരരാജയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പോക്കിരാജയുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തെ കുറിച്ച് പ്രതീക്ഷകളും ഏറെയാണ്. സൂപ്പര്‍ ഹിറ്റായ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്. പുലിമുരുകന്‍ ഇഷ്ടമായവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകുമെന്നാണ് വൈശാഖ് പറയുന്നത്.

“ഇതൊരു മാസ് ചിത്രമാണ്, മാസ് എന്നാല്‍ ജനക്കൂട്ടം എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ആ അര്‍ഥത്തില്‍ എല്ലാവരെയും രസിപ്പിക്കാന്‍ കഴിയുന്ന കുറെ ഘടകങ്ങള്‍ ചേര്‍ത്താണ് ഈ സിനിമ രൂപകല്പനചെയ്തത്. പോക്കിരിരാജയില്‍ ഇല്ലാത്ത പലതും ഈ ചിത്രത്തിലുണ്ട്. ഫണ്‍, ഇമോഷന്‍സ്, ആക്ഷന്‍ എന്നിവ രസകരമായി ഇവിടെ സമന്വയിപ്പിക്കുന്നുണ്ട്. പ്രേക്ഷകപ്രതീക്ഷ ഏറെയുണ്ടെന്ന് എനിക്കറിയാം. അപ്പോള്‍ പുതിയ ചിത്രം കഴിഞ്ഞ ചിത്രത്തെക്കാള്‍ മുകളില്‍ നില്‍ക്കണം. അതിനാല്‍ ചിത്രം മികച്ചതാക്കാന്‍ വളരെ ശ്രദ്ധാപൂര്‍വമുള്ള ശ്രമം ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. എന്റെ കഴിഞ്ഞ ചിത്രമായ പുലിമുരുകന്‍ ഇഷ്ടമായവര്‍ക്ക് ഈ ചിത്രവും ഇഷ്ടമാകും.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ വൈശാണ് പറഞ്ഞു.

മധുരരാജ സ്വപ്നത്തില്‍നിന്ന് പിറന്ന ചിത്രമായിരുന്നില്ലെന്നും പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ഥന കൂടിക്കൂടി വന്നപ്പോഴാണ് ഈ സിനിമയുടെ സാധ്യത തിരിച്ചറിഞ്ഞതെന്നും വൈശാഖ് പറഞ്ഞു. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു.

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. സണ്ണി ലിയോണും ഐറ്റം ഡാന്‍സുമായി ചിത്രത്തിലെത്തുന്നുണ്ട്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.