'സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ് ഇക്കാര്യങ്ങള്‍'; തുറന്നു പറഞ്ഞ് വിനയന്‍

സംവിധായകന്‍ വിനയന്റെ സ്വപ്നച്ചിത്രമാണ് “പത്തൊമ്പതാം നൂറ്റാണ്ട്”. ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി നടന്‍ സിജു വിത്സന്‍ ആണ് വേഷമിടുന്നത്. സിനിയ്ക്കായി സിജു നടത്തിയ പരിശീലനങ്ങളും മെയ്‌ക്കോവറും നടന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടെന്നാണ് വെളിവാക്കുന്നത് എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വിനയന്റെ കുറിപ്പ്:

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടന്‍ സിജു വില്‍സണ്‍ ഒരു വര്‍ഷത്തോളമെടുത്ത് നടത്തിയ മേക്കോവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിന്റെ ഡെഡിക്കേഷന്‍ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്.

ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടന്‍മാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തില്‍ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പറയട്ടെ… ഈ അര്‍പ്പണ മനോഭാവം കാത്തു സൂക്ഷിച്ചാല്‍ ആര്‍ക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകള്‍.

അതേസമയം, ഒരു അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ബാഹുബലി എന്ന ചിത്രം വന്ന ശേഷമാണ് പ്രഭാസിന് സൂപ്പര്‍താര പരിവേഷം കൈവരുന്നത്. അതുപോലെ തന്നെ ഈ ചിത്രം സിജുവിന്റെ കരിയര്‍ മാറ്റി എഴുതും. താന്‍ കൊണ്ടുവന്ന വലിയ താരനിരയിലേക്ക് ഉയര്‍ന്ന മറ്റാരേക്കാളും മുകളിലാകും സിജു എന്നാണ് തന്റെ വിശ്വാസം എന്ന് വിനയന്‍ പറഞ്ഞിരുന്നു.