വെറുതെ എന്തെങ്കിലുമൊക്കെ ചെയ്ത് ആളുകളെ വെറുപ്പിക്കുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതാണ്: വി.എം വിനു

മലയാളത്തിന് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് വി.എം വിനു. മമ്മൂട്ടിയെ നായകനാക്കി എടുത്ത വേഷവും പല്ലാവൂര്‍ ദേവനാരായണനും ബസ് കണ്ടക്ടറും മോഹന്‍ലാല്‍ നായകനായെത്തിയ ബാലേട്ടനും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. കുട്ടിമാമയാണ് വി.എം വിനുവിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. ഒരിടവേളയ്ക്ക് ശേഷം വി.എം വിനു ഒരുക്കിയ ചിത്രമാണിത്.

വെറുതെ എന്തെങ്കിലുമൊക്കെ ചെയ്ത് ആളുകളെ വെറുപ്പിക്കുന്നതിനേക്കാള്‍ ചിത്രം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് വി.എം വിനു പറയുന്നത്. ഓരോ ചിത്രത്തിനും ശേഷമുള്ള ഇടവേളകളെ കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “നല്ല സബ്ജക്ടിനു വേണ്ടിയുള്ള കാത്തിരിപ്പാണ് എന്റെ ഇടവേള. വെറുതെ എന്തെങ്കിലുമൊക്കെ ചെയ്ത് ആളുകളെ വെറുപ്പിക്കുന്നതിനേക്കാള്‍ നല്ലത് ചെയ്യാതിരിക്കുന്നതല്ലേ? എല്ലാവര്‍ഷവും കര്‍ക്കടകത്തിലെ വാവുബലി ഇടുന്നമാതിരി ചെയ്തിട്ട് കാര്യമില്ലല്ലോ? സിനിമ എന്നു പറഞ്ഞാല്‍ ഒരു ആചാരമോ ചടങ്ങോ അല്ല. അത് അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്.” കേരള കൗമുദിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. “അവര്‍ക്കു പറ്റുന്ന നല്ല സബ്ജക്ടുകള്‍ വരണം. അപ്പോഴേ അതിനെപറ്റി ആലോചിക്കാന്‍ കഴിയൂ. പിന്നെ മമ്മൂക്ക എനിക്കെന്നും ഒരു ഓപ്പണ്‍ ഡോറാണ്. അതുപോലെ തന്നെയാണ് ലാല്‍ജിയും. നേരത്തെ ഇവരോടൊപ്പം നടന്ന സിനിമകളൊക്കെ തന്നെ മുന്നേകൂട്ടി പ്ലാന്‍ ചെയ്ത് ഉണ്ടാക്കിയതല്ല. അതൊക്ക സംഭവിച്ചതാണ്.” വി.എം വിനു പറഞ്ഞു.