'മാധവൻ കുട്ടി ഒരിടത്ത് പോലും വരരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, അതാണ് എസ്.പിയെ വ്യത്യസ്തനാക്കിയത്'; സിദ്ദിഖ്

മമ്മൂട്ടിക്ക് വേണ്ടി മാത്രം എഴുതിയ കഥയായിരുന്നു ക്രോണിക്ക് ബാച്ചിലറെന്ന് സംവിധായകൻ സിദ്ദിഖ്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഒരു കഥ എഴുതി അതിലേയ്ക്ക് മമ്മൂട്ടിയെ സെലക്ട് ചെയ്ത ചിത്രമായിരുന്നില്ല, മറിച്ച് മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലറെന്നാണ് അദ്ദേഹം പറഞ്ഞത്.

മലയാള സിനിമയിൽ മമ്മൂട്ടി അഭിനയിച്ച ഏട്ടൻ കഥാപാത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്. അങ്ങനെയാണ് തന്റെ ഹിറ്റ്ലറിലേയ്ക്ക് മമ്മൂട്ടി എത്തുന്നത്. അതിനു ശേഷമാണ് ക്രോണിക്ക് ബാച്ചിലർ വരുന്നത്. അതുകൊണ്ട് തന്നെ ഹിറ്റ്ലറിലെ കാർക്കശക്കാരനായ മാധവൻ കുട്ടിയിൽ നിന്ന് ക്രോണിക്ക് ബാച്ചിലറിലെ എസ് പി വ്യത്യസ്തനായിരിക്കണമെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. മമ്മൂട്ടി അത് കൃത്യമായി ചെയ്യുകയും ചെയ്തു

എസ്.പി വളരെ ശാന്തനായ മനുഷ്യനാണ്. തന്റെ ജീവിതത്തിന്റെ തുടക്ക കാലത്ത് നേരിട്ട പ്രശ്നങ്ങൾ മൂലം അദ്ദേഹം ശാന്തനായി മാറുകയും പ്രശ്നങ്ങളെ നേരിടാൻ പഠിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാധവൻ കുട്ടി അങ്ങനെ ആയിരുന്നില്ല, അതുകൊണ്ട് തന്നെ ഹിറ്റലറിലെ മാധവൻ കുട്ടി ഒരിടത്ത് പോലും വരരുതെന്ന് തനിക്ക് നിർബന്ധമുണ്ടായിരുന്നു. അത് കൃത്യമായി പാലിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു പക്ഷേ തന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ കൊണ്ടാകാം ക്രോണിക്ക് ബാച്ചിലറിലെ എസ് പി ശാന്തനായത്. പലരും പല ഏട്ടൻമാരെ ഉണ്ടാക്കിട്ടുണ്ടെങ്കിലും തന്റെ ഏട്ടൻമാർ വ്യത്യസ്തനാകുന്നതിന് ഒരു കാരണം രണ്ടും രണ്ട് സ്വഭാവ രീതിയായതുകൊണ്ടാകാമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.