ദേവദൂതന്‍ സമ്മാനിച്ചത് വന്‍ സാമ്പത്തിക തകര്‍ച്ച, ഡിപ്രഷനിലേക്ക് പോയ നാളുകളായിരുന്നു അത്: സിബി മലയില്‍

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ “ദേവദൂതന്‍” സിനിമയുടെ പരാജയത്തോടെ താന്‍ ഡിപ്രഷനിലായിരുന്നുവെന്ന് സംവിധായകന്‍ സിബി മലയില്‍. 1983-ല്‍ ആദ്യസിനിമയ്ക്കായി ഒരുക്കിയ കഥയാണ് ദേവദൂതന്‍. നസുറുദ്ദീന്‍ ഷാ, മാധവി എന്നിവരെ കമിതാക്കളായി അവതരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ആ സിനിമ നടന്നില്ല.

പിന്നീട് കഥയില്‍ ചില അഴിച്ചുപണികള്‍ നടത്തി ക്യാമ്പസ് പ്രണയം കൊണ്ടുവരാന്‍ ശ്രമിച്ചു. നടന്‍ മാധവനെ നായകനാക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. പിന്നീട് യാദൃച്ഛികമായി കഥ അറിഞ്ഞ മോഹന്‍ലാല്‍ അഭിനയിക്കാന്‍ താത്പര്യം കാണിക്കുകയായിരുന്നുവെന്നാണ് സിബി മലയില്‍ മനോരമയോട് വ്യക്തമാക്കിയത്.

തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയും താനും വീണ്ടും കഥയില്‍ അഴിച്ചു പണി ചെയ്തു. ചിത്രം റിലീസ് ചെയ്ത് വൈകുന്നേരമായതോടെ തന്റെ കരിയറിലെ ഏറ്റവും വലിയ ദുരന്ത മുഖത്താണു നില്‍ക്കുന്നതെന്ന് തിരിച്ചറിഞ്ഞു. കാരണം, മോഹന്‍ലാല്‍ എന്ന നടന്‍ അപ്പോഴേക്കും നരസിംഹം പോലുള്ള സിനിമകളിലൂടെ അതിമാനുഷ തലത്തിലുളള സൂപ്പര്‍താര ഇമേജിലേക്ക് എത്തപ്പെട്ടിരുന്നു.

അതിനാല്‍ മോഹന്‍ലാലിന്റെ അതിമാനുഷ കഥാപാത്രത്തെ കാണാനെത്തിയ പ്രേക്ഷകരെ ദേവദൂതനിലെ സംഗീതജ്ഞന്‍ നിരാശപ്പെടുത്തിയിരിക്കാം എന്ന് താന്‍ തിരിച്ചറിഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു വലിയ സ്വപ്നമാണ് ഒരു നൂണ്‍ഷോ കഴിഞ്ഞപ്പോള്‍ തകര്‍ന്നടിഞ്ഞു പോയത് എന്ന് സംവിധായകന്‍ പറഞ്ഞു.

Read more

എങ്കിലും തന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് സിയാദ് കോക്കറെന്ന നിര്‍മ്മാതാവിന്, സുഹൃത്തിന് സംഭവിച്ച വന്‍ സാമ്പത്തിക തകര്‍ച്ചയാണ്. അതോടെ താന്‍ വല്ലാത്ത ഡിപ്രഷനിലേക്ക് പോയതായും സിബി മലയില്‍ വ്യക്തമാക്കി.