രഞ്ജിത്ത് സ്ഥാനാര്‍ത്ഥിയാകില്ല; നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണം എന്നാണ് ആഗ്രഹമെന്ന് സംവിധായകന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രഞ്ജിത്ത് മത്സരിക്കില്ല. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് രഞ്ജിത്ത് ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രഞ്ജിത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങള്‍ ഉണ്ടായത്.

സിനിമയാണ് കര്‍മ്മമേഖലയെങ്കിലും കഴിഞ്ഞ 3 വര്‍ഷമായി സിനിമകള്‍ സംവിധാനം ചെയ്യുന്നില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടെതെന്നുമാണ് രഞ്ജിത്ത് പ്രതികരിച്ചിരുന്നത്. കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാര്‍ തന്നെ മത്സരിക്കണം എന്നാണ് തന്റെ ആഗ്രഹം എന്നാണ് സംവിധായകന്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

2011 നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രചാരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. 15 വര്‍ഷമായി മികച്ച പ്രവര്‍ത്തനത്തിലൂടെ മണ്ഡലം സുരക്ഷിതമായി പ്രദീപ് നിലനിര്‍ത്തി. പ്രദീപിനെ പോലെയൊരു പ്രാപ്തനായ എംഎല്‍എയെ കിട്ടാന്‍ പ്രയാസമാണ് എന്ന് സംവിധായകന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പല താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. നടന്‍ ധര്‍മ്മജന്‍ ബാലുശേരിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും എന്ന പ്രചാരണങ്ങളുണ്ട്. രമേഷ് പിഷാരടിയും കോണ്‍ഗ്രസിന്റെ ഭാഗമായി. നടന്‍ കൃഷ്ണകുമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും എന്ന നിലപാടിലാണ് താരം.