കേരളം എത്രത്തോളം സെയ്ഫാണ്, ദുബായില്‍ ജനിച്ച് വളര്‍ന്ന അവരെ ഇത് അലട്ടുമായിരുന്നു: 'സെയ്ഫിനെ കുറിച്ച് പ്രദീപ് കാളിയപുരത്ത്

അപര്‍ണ ഗോപിനാഥ്, സിജു വിത്സന്‍, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ “സെയ്ഫ്” മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. നിര്‍മ്മാതാവിന്റെ മൂന്ന് പെണ്‍മക്കളാണ് സെയ്ഫിന്റെ രചനക്ക് കാരണമായത് എന്നാണ് സംവിധായകന്‍ പ്രദീപ് കാളിയപുരത്ത് വ്യക്തമാക്കുന്നത്.

ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും ഷാജി പല്ലാരിമംഗലമാണ്. “”നിര്‍മ്മാതാവിന് മൂന്ന് പെണ്‍കുട്ടികളാണ്. അതില്‍ രണ്ടാമത്തെ മകളെ ഐപിഎസ് ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ നിരന്തരം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ കേരളം എത്രത്തോളം സെയ്ഫാണ്, ഇന്ത്യ എത്രത്തോളം സെയ്ഫാണ് എന്ന ചിന്തയാണ് ദുബായില്‍ ജനിച്ച വളര്‍ന്ന അവരെ അലട്ടിയിരുന്നത്. കേരളം താമസിക്കാന്‍ സെയ്ഫാണെന്ന് സിനിമ പറയുന്നു”” എന്നാണ് സംവിധായകന്‍ പറയുന്നത്.

കൂടാതെ കേരളം മികച്ച തിരക്കഥകളുടെയും കഥകളുടെയും പരീക്ഷണ കേന്ദ്രം കൂടിയാണെന്നും പ്രദീപ് പറയുന്നു. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന സെയ്ഫ് എപിഫാനി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.