'ഇസ്ലാം എന്നാല്‍ കള്ളക്കടത്തും, തോക്കും, ഒളിവുജീവിതവും, ഇടതുപക്ഷത്തെയും ബി.ജെ.പിയെയും ബുദ്ധിപൂര്‍വം ഒഴിവാക്കിയ മാലിക്'; വിമര്‍ശിച്ച് സംവിധായകന്‍

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം മാലിക്കിനെ വിമര്‍ശിച്ചും അനുകൂലിച്ചുമുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നടക്കുന്നത്. മാലിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ നജീം കോയ. സിനിമയിലെ രാഷ്ട്രീയത്തെയാണ് നജീം വിമര്‍ശിക്കുന്നത്.

“”ഇടതുപക്ഷത്തെയും, ബിജെപിയെയും ബുദ്ധിപൂര്‍വ്വം ഒഴിവാക്കിയ മാലിക്”. ഇസ്ലാം എന്നാല്‍ കള്ള കടത്തും, തോക്കും, ലക്ഷദീപിലെ ഒളിവ് ജീവിതവും”” എന്നാണ് നജീം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലു, എന്‍.എസ് മാധവന്‍, രാഷ്ട്രീയ നേതാക്കള്‍ അടക്കം മാലിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, ചിത്രം പിന്‍വലിക്കണമെന്നാണ് മനസില്‍ തോന്നുന്നത് എന്നാണ് മഹേഷ് നാരായണന്‍ സൗത്ത്‌ലൈവിനോട് പ്രതികരിക്കുന്നത്. മാലികിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ തനിക്ക് വളരെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

2009-ല്‍ തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ നടന്ന വെടിവയ്പും അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായും ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് മാലിക്കിന് നേരേ ഉയരുന്നത്. മെക്‌സിക്കന്‍ അപാരത പോലെ ഇടതുപക്ഷത്തെ വെള്ളപൂശാനായി എടുത്ത മറ്റൊരു ചിത്രമാണ് മാലിക് എന്ന വിമര്‍ശനവും ചിത്രത്തിന് നേരെ ഉയരുന്നുണ്ട്.