ഞാന്‍ കരുതുന്നത് ഈ സിനിമ കൊണ്ട് ഒരു പത്ത് ഡൈവോഴ്‌സെങ്കിലും കൂടുതല്‍ നടക്കണേ എന്നാണ്; ജിയോ ബേബി

രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന്  ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍ ജിയോ ബേബി.
വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം  കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം  റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ പറഞ്ഞു .

വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജിയോ ബേബിയുടെ വാക്കുകൾ

Read more

വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണ്.