'ശൈലജ ടീച്ചര്‍ അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു, സാംസ്‌കാരിക മന്ത്രി ഇതുവരെ വിളിച്ചില്ല'; പരാതിയോ പരിഭവമോ ഇല്ലെന്ന് ഡോ.ബിജു

22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ഡോ.ബിജു. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായെത്തിയ ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. എന്നാല്‍ ഈ അഭിമാന നേട്ടത്തിന് അര്‍ഹച്ച അഭിനന്ദനം കിട്ടുന്നില്ല എന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നാണ് ഡോ.ബിജു പറയുന്നത്.

“ഇത് സംവിധായകനോ നടനോ ലഭിച്ച അംഗീകാരമല്ല. മറിച്ച് മലയാള സിനിമക്ക് കിട്ടിയതാണ്. അതുകൊണ്ട് തന്നെ അഭിനന്ദനങ്ങള്‍ ലഭിക്കുന്നത് നമുക്കെല്ലാവര്‍ക്കുമാണ്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ബീന പോള്‍ തുടങ്ങിയവര്‍ വിളിച്ച് അഭിനന്ദിച്ചു. ഞാന്‍ ആരോഗ്യ വകുപ്പിലാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ അഭിനന്ദിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സാംസ്‌കാരിക മന്ത്രി ഇതുവരെ വിളിച്ചില്ല. അതില്‍ പരിഭവവുമില്ല. പരാതിയുമില്ല. അഭിനന്ദിക്കാന്‍ തോന്നുന്നത് ഓരോരുത്തരുടെ ഇഷ്ടമാണ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ബിജു പറഞ്ഞു.

ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ സിനിമ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.