ഒഴിവുസമയങ്ങളിലെല്ലാം ബാലചന്ദ്രന്‍ അത് പറയും, എഴുത്തിനേക്കാള്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍: സംവിധായകന്‍ ഭദ്രന്‍

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രനെ അനുസ്മരിച്ച് സംവിധായകന്‍ ഭദ്രന്‍. അങ്കിള്‍ ബണ്‍ എന്ന ഭദ്രന്‍ ചിത്രത്തിലൂടെയാണ് ബാലചന്ദ്രന്‍ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചത്. ബാലചന്ദ്രനിലെ തിരക്കഥാകൃത്തിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ് എന്നാണ് ഭദ്രന്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

നന്നായി സംസാരിക്കുന്ന പ്രകൃതമായിരുന്നു ബാലചന്ദ്രന്റെത്. ഒരുപാട് ശ്രമത്തിന് ഒടുവിലാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന് ഒരുപാട് ജീവിതാനുഭവങ്ങളുണ്ടായിരുന്നു. ഒഴിവുസമയങ്ങളില്‍ അതെല്ലാം അദ്ദേഹം പറയുമായിരുന്നു. അത് കേട്ടിരിക്കാന്‍ തന്നെ രസമായിരുന്നു.

അദ്ദേഹത്തിന്റെ എഴുത്തിനേക്കാള്‍ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളായിരുന്നു. പിന്നീട് മറ്റൊരു സിനിമയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ബാലചന്ദ്രനൊപ്പമുള്ള ഓര്‍മ്മകള്‍ ഇപ്പോഴും തന്റെ മനസ്സിലുണ്ട് എന്നും ഭദ്രന്‍ പറയുന്നു. തിരക്കഥാകൃത്ത്, നാടക-സിനിമ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് പി. ബാലചന്ദ്രന്‍

Read more

ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചോടെ വൈക്കത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്നിന് തെക്കേനടയിലെ വസതിയില്‍ നടക്കും.