മാലിക് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി; സിനിമകളുടെ നിലവാരം ഇടിഞ്ഞു : ഭദ്രന്‍

അമ്പത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് പരിഗണനയില്‍ എത്തിയ സിനിമകളില്‍ ഭൂരിഭാഗവും നിലവാരം കുറഞ്ഞവയായിരുന്നെന്ന് സബ് ജൂറി ചെയര്‍മാന്‍ സംവിധായകന്‍ ഭദ്രന്‍. കാന്‍ ചാനലിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. ഫൈനല്‍ ജൂറിയുടെ പരിഗണനയിലെത്തിയത് 28 ചിത്രങ്ങളായിരുന്നെന്നും ഇതില്‍ മൂന്നോ നാലോ സിനിമകളൊഴിച്ച് മറ്റെല്ലാം നിലവാരം കുറഞ്ഞവയും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ദാരിദ്ര്യം അനുഭവപ്പെട്ടവയായിരുന്നെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മികച്ച നടന് വേണ്ടിയുള്ള കാറ്റഗറിയില്‍ ഫൈനല്‍ റൗണ്ടില്‍ എത്തിയത് ജയസൂര്യയും ഫഹദ് ഫാസിലുമായിരുന്നു. വെള്ളം, സണ്ണി, സൂഫിയും സുജാതയും എന്നിവയിലെ വേറിട്ട പ്രകടനങ്ങളാണ് മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുക്കാന്‍ കാരണമായത്. മാലിക് എന്ന ചിത്രം ആദ്യറൗണ്ടില്‍ തന്നെ തള്ളിപ്പോയിരുന്നെന്നും ട്രാന്‍സ് എന്ന ചിത്രത്തിലെ ഫഹദിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നെങ്കിലും വ്യത്യസ്തമായ പ്രകടനമുള്ള അദ്ദേഹത്തിന്റെ മറ്റൊരു ചിത്രം അവസാന റൗണ്ടിലേയ്ക്ക് വന്നിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായി എനിക്ക് ഇഷ്ടപ്പെട്ട ചിത്രം സൂഫിയും സുജാതയുമായിരുന്നു. എന്നാല്‍ മറ്റ് പല ഘടകങ്ങളും പരിഗണിച്ചതില്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നെന്നും ഭദ്രന്‍ പറഞ്ഞു.