'പ്രാകൃതമായ വികൃതികള്‍ കൊണ്ട് സമ്പുഷ്ട്ടമായ നമ്മുടെ പ്രകൃതിയില്‍ ഈ "വികൃതി" കാട്ടി തരുന്ന പാഠം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്'

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ സാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്ത വികൃതി തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങല്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇപ്പോഴിതാ ചിത്രത്തെയും അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ അരുണ്‍ ഗോപി. പ്രാകൃതമായ വികൃതികള്‍ കൊണ്ട് സമ്പുഷ്ട്ടമായ നമ്മുടെ പ്രകൃതിയില്‍ ഈ വികൃതി കാട്ടി തരുന്ന പാഠം അറിഞ്ഞിരിക്കേണ്ടത് തന്നെയാണെന്നാണ് അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

“വികൃതി” തകൃതിയായി മറ്റു സിനിമകള്‍ ഓടുന്നതിനിടയില്‍ ഈ കുഞ്ഞു നല്ല ചിത്രം കാണാതെ പോകരുത്. അഭിനന്ദനങള്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും ഈ ചിത്രത്തിന്റെ മുന്നിലും പിന്നിലും നിന്നതിന്. പ്രാകൃതമായ വികൃതികള്‍ കൊണ്ട് സമ്പുഷ്ട്ടമായ നമ്മുടെ പ്രകൃതിയില്‍ ഈ വികൃതി കാട്ടി തരുന്ന പാഠം അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്. സൗബിനും സൂരജ് വെഞ്ഞാറമൂടിനും വിന്‍സി, സുരഭി എല്ലാര്ക്കും നിറഞ്ഞ കൈയടി. അവര്‍ക്കു ഈ കൈ അടി വാങ്ങി നല്‍കിയ സംവിധായകനും എഴുത്തുകാരനും മറ്റുള്ളവര്‍ക്കും സ്‌നേഹാലിംഗനം.” അരുണ്‍ ഗോപി കുറിച്ചു.

വിന്‍സി അലോഷ്യസ്, ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്.

കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം. അജീഷ് പി. തോമസ് കഥ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് എഴുതിയിരിക്കുന്നത്.