'ഷൈലോക്ക്' എന്ന പേര് വന്ന കഥ പറഞ്ഞ് സംവിധായകന്‍ അജയ് വാസുദേവ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ചിത്രം “ഷൈലോക്ക്” ജനുവരി 23ന് തിയേറ്ററുകളിലെത്തുകയാണ്. ഒരു പക്കാ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ബോസ് എന്ന പലിശക്കാരനായാണ് മമ്മൂട്ടി വേഷമിടുന്നത്. “ഷൈലോക്ക്” എന്ന ടൈറ്റിലിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ അജയ് വാസുദേവ്.

ഷേക്സ്പിയര്‍ കഥകളിലെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായ ഷൈലോക്കിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. “”നെഗറ്റീവ് ടച്ചുള്ള ഹീറോ, അതുതന്നെയാണ് ഷൈലോക്ക് എന്ന ടൈറ്റിലിന് പിറകില്‍. മമ്മൂട്ടിയില്‍ നിന്ന് ഇതുവരെ കാണാത്ത രീതിയിലുള്ള മാനറിസങ്ങളും ഹ്യൂമറും എല്ലാം ചേര്‍ത്താണ് ഷൈലോക്ക് ഒരുക്കിയിരിക്കുന്നത്. സിനിമാനിര്‍മാതാക്കള്‍ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ആളാണ് ബോസ്. കാരണം ചെറുപ്പത്തിലേ സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി നടന്ന ഒരാളാണ്. എന്നാല്‍ അത് നടന്നില്ല. പകരം സിനിമയ്ക്കായി പണം പലിശയ്ക്ക് കൊടുക്കുന്ന ബിസിനസ് തിരഞ്ഞെടുത്തു. സിനിമാ ഡയലോഗുകളൊക്കെ പറയുന്ന ആള്‍ രസികനാണ്. എന്നാല്‍ കൊടുത്ത പണം കൃത്യമായി തിരിച്ചുകിട്ടിയില്ലെങ്കില്‍ ബോസ് പ്രശ്‌നക്കാരനാകും. അതുകൊണ്ടാണ് അയാളെ ഷൈലോക്ക് എന്ന് വളിക്കുന്നത്”” എന്നാണ് അജയ് വാസുദേവ് മാതൃഭൂമിയുമായുള്ള അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

മീനയാണ് ചിത്രത്തില്‍ നായിക. തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. ഗുഡ്‌വിില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.